തിരുവനന്തപുരം ∙ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് പാസുകൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദേശം നടപ്പാക്കുന്നതോടെ പാസ് നിരക്ക് 1000 രൂപയിൽനിന്ന് 1200 രൂപയാകും. വിദ്യാർഥികൾക്കുള്ള നിരക്ക് 500ൽനിന്ന് 600 ആകും. 18% ആണ് ജിഎസ്ടി.
എല്ലാ ചലച്ചിത്രമേളയ്ക്കും ജിഎസ്ടി വരുമെന്നാണു സൂചന. ഫിലിം സൊസൈറ്റികളെയും ഇതു ബാധിക്കും. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഡെലിഗേറ്റ് പാസിനു ജിഎസ്ടി ചുമത്തുന്നുണ്ട്.
കേരള ചലച്ചിത്രമേളയ്ക്ക് ഇതുവരെ ജിഎസ്ടി ഈടാക്കിയിരുന്നില്ല. ഡെലിഗേറ്റുകൾക്കു നൽകുന്ന കിറ്റിന്റെയും മറ്റും വിലയായി 1000 രൂപ ഈടാക്കുന്നതായാണ് ചലച്ചിത്ര അക്കാദമിയുടെ നിലപാട്. ഇതുമൂലം ഡെലിഗേറ്റുകളിൽനിന്ന് ജിഎസ്ടി പിരിച്ചെടുത്തിരുന്നില്ല. എന്നാൽ, എന്തുകൊണ്ടാണ് ജിഎസ്ടി അടയ്ക്കാത്തതെന്നു ചോദിച്ചും ഇതുവരെയുള്ള കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടും ചലച്ചിത്ര അക്കാദമിക്ക് 2 നോട്ടിസ് ലഭിച്ചു. ഇതിന് അക്കാദമി വിശദീകരണം നൽകിയെങ്കിലും ജിഎസ്ടി വകുപ്പ് അംഗീകരിച്ചിട്ടില്ല. സംസ്കാരിക പരിപാടി ആയതിനാൽ ജിഎസ്ടി ഈടാക്കിയില്ലെന്നായിരുന്നു അക്കാദമിയുടെ വിശദീകരണം.
അക്കാദമി നടത്തുന്ന പ്രാദേശിക ചലച്ചിത്രമേളകളിൽ 150 രൂപ മുതൽ 500 രൂപ വരെയാണ് ഡെലിഗേറ്റ് ഫീസ് ഈടാക്കുന്നത്. ജിഎസ്ടി ചുമത്തുന്നതോടെ ഈ നിരക്കിലും വർധനയുണ്ടാകും. അക്കാദമി പ്രസിദ്ധീകരിക്കുന്ന ചലച്ചിത്ര സമീക്ഷ മാസികയുടെ വിലയും കൂട്ടും. ഓഗസ്റ്റിൽ നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ജിഎസ്ടി ഏർപ്പെടുത്തിയിരുന്നു.