ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശ, മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്തിയിട്ടും പശ്ചാത്താപമില്ലെന്ന് പ്രതി റിതു

news image
Jan 23, 2025, 3:49 am GMT+0000 payyolionline.in

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയൻ പൊലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്ന് വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. തിരിച്ചറിയൽ പരേഡും വൈദ്യ പരിശോധനയും പൂർത്തിയായിട്ടുണ്ട്. നാളെ റിതുവിന്‍റെ കസ്റ്റഡി അവസാനിക്കും. ജിതിൻ ബോസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.

റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ചേന്ദമം​ഗലത്ത് ഒരു കുടുബത്തിലെ 3 പേരെയാണ് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ പ്രതി റിതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ് വ്യക്തമാക്കുന്നു. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിരുന്നു.

ഒരു നാടിനെയാകെ നടുക്കിയ കൂട്ടക്കൊലയാണ് ചേന്ദമംഗലത്ത് നടന്നത്. ഒരു മതിലിനപ്പുറം താമസിക്കുന്നയാൾ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അമ്മയെയും അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ക്രൂരകൃത്യത്തിനു ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു. റിതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe