ജിമ്മുകളിൽ പരിശോധന കർശനമാക്കാൻ ഉത്തരവ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് വേണം

news image
Feb 5, 2026, 11:03 am GMT+0000 payyolionline.in

ന്യൂഡൽഹി: ജിമ്മുകളുടെയും ഫിറ്റ്‌നസ് സെന്ററുകളുടെയും മറവിൽ യുവതികളെ ചൂഷണം ചെയ്യുന്നതായും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നതായും ലഭിച്ച പരാതികളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ നടപടിയെടുത്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കമ്മീഷൻ നോട്ടീസ് അയച്ചു.

ഉത്തർപ്രദേശിലെ മിർസാപൂരിൽ ഒരു ജിം കേന്ദ്രീകരിച്ച് വൻ ചൂഷണ റാക്കറ്റ് പ്രവർത്തിക്കുന്നതായി കമ്മീഷന് ലഭിച്ച പരാതിയിലാണ് ഈ ഇടപെടൽ. അമ്പതിലധികം യുവതികൾ ഇവിടെ ചൂഷണത്തിന് ഇരയായതായാണ് വിവരം. റാക്കറ്റിന്റെ പ്രവർത്തനങ്ങളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് നേരിട്ട് പങ്കുണ്ടെന്നത് അതീവ ഗൗരവകരമാണെന്ന് കമ്മീഷൻ അംഗം പ്രിയങ്ക് കാനൂംഗോ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇത് പൊതുജന വിശ്വാസത്തെ തകർക്കുന്നതും മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

സർക്കാരുകളോട് കമ്മീഷൻ

ഫിറ്റ്‌നസ് സെന്ററുകൾ ക്രിമിനൽ ശൃംഖലകളുടെ കേന്ദ്രങ്ങളായി മാറുന്നത് തടയാൻ ദേശീയതലത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നിലവിൽ ജിമ്മുകൾക്ക് ലൈസൻസ് നൽകുന്ന രീതി, രജിസ്ട്രേഷൻ നിയമങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർ സമർപ്പിക്കണം. ജിമ്മുകളുടെ പ്രവർത്തനത്തിന് ദേശീയതലത്തിൽ നിലവിലുള്ള പോളിസികൾ വ്യക്തമാക്കണം. ജിമ്മുകൾ തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ, ലൈസൻസിംഗ് വിവരങ്ങൾ എന്നിവ നൽകണമെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയോടും കമ്മീഷൻ വ്യക്തമാക്കി. മിർസാപൂർ ജില്ലാ മജിസ്‌ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും പരാതിയിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുമ്ട്. ഇരകൾക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe