ജി 20 ഉച്ചകോടി: യു.എസ് ഉൽപ്പന്നങ്ങളുടെ അധിക നികുതി ഇന്ത്യ ഒഴിവാക്കി

news image
Sep 9, 2023, 6:22 am GMT+0000 payyolionline.in

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി-ജോ ബൈഡൻ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, യു.എസ് ഉൽപ്പന്നങ്ങളുടെ അധിക നികുതി ഇന്ത്യ എടുത്തുകളഞ്ഞു. ചെറുപയർ, പയർ, ആപ്പിൾ എന്നിവയുൾപ്പെടെ അര ഡസനോളം യു.എസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന അധിക നികുതിയാണ് ഒഴിവാക്കിയത്. സ്റ്റീൽ, അലുമിനിയം അടക്കം ഉൽപന്നങ്ങളുടെ തീരുവ വർധിപ്പിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന് മറുപടിയായായാണ് 2019ൽ 28 യു.എസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ അധിക നികുതി ഏർപ്പെടുത്തിയത്.

ധനമന്ത്രാലയമാണ് ഉൽപ്പന്നങ്ങളുടെ തീരുവ എടുത്തുകളയുന്നതായി അറിയിച്ചത്. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജോ ശെബഡൻ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജൂണിൽ പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശന വേളയിൽ ലോകവ്യാപാര സംഘടനയുമായുള്ള തർക്കങ്ങൾ അവസാനിപ്പിക്കാനും ചില യു.എസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി നീക്കം ചെയ്യാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.

ജൂലൈയിൽ, വാണിജ്യ-വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ബദാം, വാൽനട്ട്, ചെറുപയർ, പയർ എന്നിവയുടെ കസ്റ്റംസ് തീരുവ എടുത്തുകളയാൻ സർക്കാർ തീരുമാനിച്ചതായി പറഞ്ഞിരുന്നു. ഇറക്കുമതി തീരുവ വെട്ടിക്കുറച്ചത് ഇന്ത്യക്ക് നഷ്ടമുണ്ടാക്കില്ലെന്നും അവർ പറഞ്ഞു. 2021-22 ൽ 119.5 ബില്യൺ ഡോളറിൽ നിന്ന് അമേരിക്കയുമായുള്ള ഉഭയകക്ഷി ചരക്ക് വ്യാപാരം 2022-23 ൽ 128.8 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe