ജീവനക്കാരുടെ പണിമുടക്കിന് ഡയസ്നോൺ പ്രഖ്യാപിച്ചു; ശമ്പളം വെട്ടിക്കുറക്കും

news image
Jan 22, 2024, 3:33 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ 24 ലെ പണിമുടക്കിന് ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസം അവധി അനുവദിക്കുന്നത് കർശനമായി നിയന്ത്രിക്കണമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. 18 ശതമാനം ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ, പണിമുടക്ക് ദിവസം അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കുമെന്ന് പൊതുഭരണവകുപ്പ് ചീഫ് സെക്രട്ടറി ഡോ വേണു വി പുറത്തിറക്കിയ ഉത്തരവിൽ അറിയിക്കുകയായിരുന്നു. പണിമുടക്ക് ദിവസത്തെ ശമ്പളം അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കുറക്കുമെന്നും ഉത്തരവിൽ പറയുന്നു. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. അനുമതിയില്ലാതെ ഹാജരാകാത്ത താൽകാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ ജീവനക്കാരുടെ എണ്ണം അടക്കം അതാത് വകുപ്പ് മേധാവികൾ റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. ആവശ്യസേവനങ്ങൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe