തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് കമീഷണറെ സമീപിച്ച് മുതിർന്ന നടി ഗൗതമി. തുടർച്ചയായ ഉണ്ടാകുന്ന ഭീഷണികളിൽ ആശങ്ക പ്രകടിപ്പിക്കുകയും തന്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്താണ് നടി ഹരജി നൽകിയത്.
സമീപ മാസങ്ങളിൽ ചെന്നൈയിലെ നീലാങ്കരൈയിലുള്ള ഒമ്പത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അളഗപ്പൻ എന്ന വ്യക്തി നിയമവിരുദ്ധമായി തന്റെ സ്വത്ത് കൈയടക്കിയതായി ഗൗതമി ആരോപിച്ചു. കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് തർക്ക ഭൂമി സീൽ ചെയ്തിട്ടുണ്ട്. ഈ തർക്കമായിരിക്കമാണ് നടിയുടെ സ്വകാര്യ സുരക്ഷയെ ഭയപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
ഇന്ത്യാഗ്ലിറ്റ്സ് തമിഴ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ ഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി ഗൗതമി പരാതിയിൽ ആരോപിച്ചു. കൂടാതെ, അഭിഭാഷകരായി വേഷമിടുന്ന ചില വ്യക്തികൾ തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് അവർ ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധം പ്രഖ്യാപിച്ച പോസ്റ്ററുകൾ ലഭിച്ചതായും അവർ പരാമർശിച്ചു.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഗൗതമി പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തനിക്ക് എന്തെങ്കിലും തരത്തിലുള്ള ഉപദ്രവം ഉണ്ടാകാതിരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അവർ പറഞ്ഞു. പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.