ബെംഗളൂരുവിലെ തെരുവുകളിൽ സ്വപ്നം കണ്ടു വളർന്ന ഒരു ബാലൻ, കാലങ്ങൾക്കിപ്പുറം ദക്ഷിണേന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച കഥ ഒരു സിനിമാക്കഥയെക്കാൾ വിസ്മയകരമാണ്. വെറുമൊരു ബിസിനസ് വിജയമായിരുന്നില്ല ഡോ. സി.ജെ. റോയിയുടെ ജീവിതം, മറിച്ച് അത് ദീർഘവീക്ഷണത്തിന്റെയും അചഞ്ചലമായ ആത്മവിശ്വാസത്തിന്റെയും നേർചിത്രമായിരുന്നു അത്.
ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച്, 2006-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് അദ്ദേഹം സംരംഭകത്വത്തിലേക്ക് ചുവടുവെച്ചത്. ലോകം സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും, കടബാധ്യതകളില്ലാത്ത ബിസിനസ് മോഡൽ എന്ന തനതായ ശൈലിയിലൂടെ അദ്ദേഹം കോൺഫിഡന്റ് ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു. 15 വർഷം മുൻപേ ബെംഗളൂരുവിലെ സർജാപൂർ ഒരു ഐടി ഹബ്ബാകുമെന്ന് മുൻകൂട്ടി കണ്ട അദ്ദേഹം, അവിടെ വലിയ തോതിൽ ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി.
ബിസിനസ് തിരക്കുകൾക്കിടയിലും തന്റെ ഹോബിയായ ആഡംബര കാറുകൾ ശേഖരിക്കുന്നതിനായി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഓരോ ആഡംബര കാറിനെയും ഒരു നിക്ഷേപമായി കാണുന്ന അദ്ദേഹത്തിന്റെ രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റിയൽ എസ്റ്റേറ്റിന് പുറമെ സിനിമ, കായികരംഗം, വിദ്യാഭ്യാസം, വ്യോമയാനം എന്നിങ്ങനെ കേരളത്തിന്റെ സകല മേഖലകളിലും അദ്ദേഹം തന്റെ കൈമുദ്ര പതിപ്പിച്ചു
