ജൽജീവൻ പദ്ധതിയിൽ കുഴഞ്ഞുമറിഞ്ഞ് കുറ്റ്യാടിയിലെ മലയോര പാതകൾ; കുടിവെള്ളവുമില്ല, റോഡുമില്ല

news image
Mar 5, 2026, 5:04 am GMT+0000 payyolionline.in

കുറ്റ്യാടി: ഗ്രാമീണ മേഖലകളിൽ കുടിവെള്ളമെത്തിക്കാൻ വിഭാവനം ചെയ്ത ജൽജീവൻ മിഷൻ പദ്ധതി കുറ്റ്യാടി മലയോര മേഖലയിൽ ജനങ്ങൾക്ക് ദുരിതമാകുന്നു. പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ പുനർനിർമ്മിക്കാത്തതും പൈപ്പിടൽ ഇഴഞ്ഞുനീങ്ങുന്നതും കാരണം ഗതാഗതവും കുടിവെള്ള വിതരണവും ഒരുപോലെ പ്രതിസന്ധിയിലാണ്. വേനൽ കനക്കുന്നതോടെ കുടിവെള്ളം ലഭിക്കാത്തതും തകർന്ന റോഡുകളിലൂടെയുള്ള യാത്രയും പ്രദേശവാസികളെ വലയ്ക്കുന്നു.

വേളം പഞ്ചായത്തിൽ മാത്രം 6573 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ വെറും 110 കുടുംബങ്ങൾക്ക് മാത്രമാണ് വെള്ളം ലഭിച്ചുതുടങ്ങിയത്. രണ്ടായിരത്തഞ്ഞൂറോളം കുടുംബങ്ങൾക്ക് കണക്ഷൻ നൽകിയെങ്കിലും പൈപ്പുകൾ നോക്കുകുത്തിയായി നിൽക്കുകയാണ്. പഞ്ചായത്തിലെ 123 കിലോമീറ്ററിൽ പൈപ്പിടേണ്ടതിൽ 102 കിലോമീറ്റർ പൂർത്തിയായെങ്കിലും ബാക്കി ഭാഗത്തിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. ഗ്രാമീണ റോഡുകളിൽ കുഴിയെടുത്ത ഭാഗങ്ങൾ ഭൂരിഭാഗവും പൂർവ്വസ്ഥിതിയിലാക്കിയിട്ടില്ലാത്തത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.

കാപ്പുമല-ചെറുകുന്ന് ഗവ. യു.പി. സ്കൂൾ റോഡ് ഇതിന്റെ നേർക്കാഴ്ചയാണ്. സ്കൂൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കടന്നുപോകാൻ കഴിയാത്ത വിധം തകർന്ന ഈ പാതയിൽ ഓട്ടോറിക്ഷകൾ പോലും വരാൻ തയ്യാറാകുന്നില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പത്തോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കി മൂന്നാം ദിവസം തന്നെ വലകെട്ട്-ശാന്തിനഗർ റോഡ് പൈപ്പിടാനായി വെട്ടിപ്പൊളിച്ചതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പഞ്ചായത്തിലെ പ്രധാനപ്പെട്ട മിക്ക ഗ്രാമീണ റോഡുകളും പൈപ്പിടാനായി പൊളിച്ചിട്ടിരിക്കുകയാണ്. റോഡുകൾ ടാറിങ് അല്ലെങ്കിൽ കോൺക്രീറ്റ് ചെയ്ത് പൂർവ്വസ്ഥിതിയിലാക്കുമെന്ന് ജല അതോറിറ്റിയും പഞ്ചായത്തും തമ്മിൽ കരാറുണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെടുന്നില്ല. പദ്ധതിയുടെ മെല്ലെപ്പോക്കും കരാറുകാർക്ക് ഫണ്ട് ലഭിക്കാത്തതുമാണ് പ്രവൃത്തികൾ തടസ്സപ്പെടാൻ കാരണമെന്ന് പറയപ്പെടുന്നു. വലിയ തുക കുടിശ്ശികയുള്ളതിനാൽ കരാറുകാർ പലയിടത്തും പണി നിർത്തിവെച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe