‘ടവറും സിസിടിവിയും ചതിച്ചതോടെ വാദം പൊളിഞ്ഞു’; ഗുരുതര ഗൂഡാലോചന, സംശയിച്ച് പൊലീസ്

news image
Oct 10, 2023, 3:57 am GMT+0000 payyolionline.in

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ വ്യാജ കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെ ഇന്നും ചോദ്യം ചെയ്യും. മന്ത്രിയുടെ ഓഫീസിനു നേരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്നാണ് പൊലിസ് സംശയം. ഇതേ കുറിച്ചറിയാനാകും വിശദമായ ചോദ്യം ചെയ്യൽ. ഹരിദാസനെ തൽക്കാലം പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്തി ഗൂഡാലോചന അന്വേഷിക്കാനാണ് നീക്കം.

സുഹൃത്തായ ബാസിത്ത് നിർദ്ദേശിച്ച പ്രകാരമാണ് മന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചതെന്നാണ് ഹരിദാസൻെറ മൊഴി. മറ്റ് ചിലരുടെ പേരുകളും ഹരിദാസന്റെ മൊഴികളിലുണ്ട്. ബാസിത്തിനെയും തട്ടിപ്പിലെ മറ്റൊരു പ്രതി ലെനിൻ രാജിനെയും കണ്ടെത്താൻ പൊലിസ് അന്വേഷണം തുടരുകയാണ്. ആരോ​ഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നുള്ള കേസിലെ പരാതിക്കാരനായ ഹരിദാസന്റെ കുറ്റസമ്മത മൊഴി പുറത്ത് വന്നതോടെ സംഭവത്തിൽ വലിയ വഴിത്തിരിവാണ് ഉണ്ടായിട്ടുള്ളത്.

 

 

ജോലി വാ​ഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എ ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് വ്യക്തമാക്കുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലായിരുന്നു ഹരിദാസന്റെ കുറ്റസമ്മതം.

 

ചിത്രങ്ങൾ കാണിച്ച് അഖിൽ മാത്യുവിനെ തിരിച്ചറിഞ്ഞ ഹരിദാസൻ, പിന്നീട് കാഴ്ചക്ക് പ്രശ്നമുണ്ട് അത് അഖിൽ മാത്യുവാണോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. അഖിൽ മാത്യുവും ഹരിദാസനും തമ്മിൽ കണ്ടിട്ടില്ല എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും ടവർ ലോക്കേഷനിൽ നിന്നും പൊലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe