ടിപി വധക്കേസ് പ്രതികളെ ഹൈക്കോടതിയിൽ എത്തിച്ചു: ‘3 മണിക്ക് ഡയാലിസിസ്’, ജ്യോതി ബാബുവിനെ ഹാജരാക്കിയില്ല

news image
Feb 26, 2024, 4:28 am GMT+0000 payyolionline.in

കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ഹൈക്കോടതിയിൽ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള ജ്യോതി ബാബു ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കിയത്. ജ്യോതി ബാബുവിന് മൂന്നുമണിക്ക് ഡയാലിസിസ് നടത്തേണ്ടതുണ്ട്. ആരോഗ്യപ്രശ്നം ജയിൽ സൂപ്രണ്ട് ഹൈക്കോടതിയെ അറിയിക്കും. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമോ എന്നതിൽ വാദം കേൾക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീൽ തള്ളിയ ഹൈക്കോടതി രണ്ട് പ്രതികൾ കൂടി കുറ്റക്കാരാണെന്നു കഴി‍ഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു.  കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയാണ് കോടതി  റദ്ദാക്കിയത്.

പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വർഷം കഠിന തടവും വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചിരുന്നു. പി.കെ. കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.

2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ചന്ദ്രശേഖരൻ സിപിഎമ്മിൽനിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയതിനു പകരം വീട്ടാൻ സിപിഎമ്മുകാരായ പ്രതികൾ കൊല നടത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe