ആലപ്പുഴ: ട്രാക്ക് സിസ്റ്റവും പ്രൊബേഷൻ പീരിഡുമടക്കം ഏർപ്പെടുത്തി ഡ്രൈവിങ് ടെസ്റ്റിൽ ഉടൻ പരിഷ്കരണം നടപ്പാക്കുമെന്ന് ഗതാഗത കമീഷണർ സി എച്ച് നാഗരാജു. ഡ്രൈവിങ് ടെസ്റ്റ് പാസായാലും വിദേശരാജ്യങ്ങളിൽ ആറുമാസം മുതൽ ഒരുവർഷം വരെ കാത്തിരിപ്പ് സമയം (പ്രൊബേഷൻ പീരിഡ്) നടപ്പാക്കാറുണ്ട്. ഇത് കേരളത്തിലും നടപ്പാക്കും. മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട കളർകോട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റോഡുകളുടെ അതേ മാതൃകയിൽ ട്രാക്ക് സിസ്റ്റവും പ്രാവർത്തികമാക്കും. എച്ചും എട്ടും മാത്രം എടുത്താൽ ലൈസൻസ് കിട്ടുമെന്ന സ്ഥിതിയിൽനിന്ന് മാറ്റമുണ്ടാകണം. ഇതിനായി അക്രഡിറ്റഡ് ട്രെയിനിങ് ഡ്രൈവിങ് സ്കൂളിലൂടെ ട്രാക്ക് സിസ്റ്റം ഉൾപ്പെടുത്തി ഡ്രൈവിങ് പരീക്ഷ പരിഷ്കരിക്കും. സിഗ്സാഗ്, കയറ്റിറക്കം, വലിയ വളവ് എന്നിവയാകും ഉൾപ്പെടുത്തുക.
ലേണേഴ്സ് പരീക്ഷയിൽ 20 ചോദ്യങ്ങളിൽ 12എണ്ണം ശരിയായാൽ (അറുപത് ശതമാനം) ജയിക്കും. ഈ രീതിയിൽനിന്ന് മാറി കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തി നെഗറ്റീവ് മാർക്ക് ഏർപ്പെടുത്തും. ഇത് മൂന്ന് മാസത്തിനകം പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് വർധിക്കുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്താണ് നടപടി.
വിദ്യാർഥികൾ അപകടത്തിൽപ്പെട്ട സ്ഥലത്ത് വെളിച്ചക്കുറവുണ്ടായിരുന്നുവെന്നും എന്നാൽ വാഹനത്തിന്റെ കാലപ്പഴക്കവും ആളുകളുടെ എണ്ണവും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ ശാസ്ത്രീയ വശങ്ങൾ ഉൾപ്പെടുത്തി വിശദ റിപ്പോർട്ട് എംവിഡിയും പൊലീസും എൻഎച്ച്, പിഡബ്ല്യുഡി അധികൃതർക്ക് സമർപ്പിക്കുമെന്നും കമീഷണർ പറഞ്ഞു.
പൊലീസുമായി സംയുക്ത
പരിശോധന
സംസ്ഥാനത്തുടനീളം പൊലീസുമായി ചേർന്ന് സംയുക്തവാഹന പരിശോധനയ്ക്ക് മോട്ടോർ വകുപ്പ്. രാത്രികാല വാഹനപരിശോധന കർശനമാക്കാനാണ് പൊലീസുമായി കൈകോർക്കുന്നത്. അപകടരഹിത യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.ഇതോടനുബന്ധിച്ചു നടപ്പാക്കേണ്ട കാര്യങ്ങൾ ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജുവിന്റെ നേതൃത്വത്തിൽ വിലയിരുത്തി. പരിശോധനകൾക്കായി മോട്ടോർ വാഹന വകുപ്പിന് മികച്ച സജ്ജീകരണമുള്ള 46 പുതിയ വാഹനങ്ങൾ കൂടെയെത്തും. എല്ലാ ജില്ലകളിലേയും പ്രധാന നഗരങ്ങളിലുൾപ്പെടെ വ്യാപകപരിശോധനകളുണ്ടാകും. നിലവിൽ പൊലീസിന്റെ പിഴത്തുക കുറവാണ്. അതേ കുറ്റം മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയാലുള്ള പിഴ കൂടുതലാണ്. അതിനാൽ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങിയാൽ ആളുകൾ കൂടുതൽ ജാഗ്രതയോടെ പെരുമാറുമെന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം.
ഏകീകൃത രജിസ്ട്രേഷനായി
സോഫ്റ്റ്വെയറിൽ മാറ്റം വരുത്തും
സംസ്ഥാനത്ത് ഏകീകൃത രജിസ്ട്രേഷൻ നടപ്പാക്കാൻ സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇതിനായി സാങ്കേതിക സമിതിയെ നിയോഗിച്ചെന്നും ഗതാഗത കമീഷണർ സി എച്ച് നാഗരാജു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കുന്നത്. രജിസ്ട്രേഷൻ നമ്പറുകൾ ഉൾപ്പെടെയുള്ളതിൽ ആളുകൾക്ക് പ്രത്യേക താൽപര്യമുണ്ടാകും. ഫാൻസി നമ്പറുകൾക്കും ധാരാളം ആവശ്യക്കാരുള്ളതിനാൽ തർക്കത്തിനിടയാകാതെ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും ഹൈക്കോടതി നിർദേശം നടപ്പാക്കുക.