ടോള്‍ പ്ലാസകളിൽ ഫാസ്‍ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസ്; സുപ്രധാന നിയമഭേദഗതി, യുപിഐ വഴി പണമടച്ചാൽ 25% അധികം നൽകിയാൽ മതി

news image
Oct 4, 2025, 4:17 pm GMT+0000 payyolionline.in

ദില്ലി: ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാ​ഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദ​ഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാൽ വാഹനത്തിന്‍റെ ടോള്‍ നിരക്കിന്‍റെ 25ശതമാനം അധികം അടച്ചാൽ മതിയെന്നാണ് പുതിയ ഭേദഗതി. പണമായിട്ടാണെങ്കിൽ നിലവിലുള്ളപോലെ നിരക്കിന്‍റെ ഇരട്ടി അധികമായി അടയ്ക്കണം. നവംബർ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരും. ടോൾ പിരിവിൽ സുതാര്യത വർദ്ധിപ്പിക്കാനും യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് ഉപരിതല ​ഗതാ​ഗത മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. പണമിടപാടുകൾ ഒഴിവാക്കുന്നതിനുമുള്ള സുപ്രധാന നടപടിയായി 2008 ലെ ദേശീയ പാത ഫീസ് (നിരക്ക് നിശ്ചയവും ശേഖരണവും) നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്.

പുതിയ നിയമപ്രകാരം സാധുതയുള്ളതും പ്രവർത്തനക്ഷമവുമായ ഫാസ് ടാഗ് ഇല്ലാതെ ഫീസ് പ്ലാസയിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഫീസ് പണമായി അടച്ചാൽ ബാധകമായ ഉപയോക്തൃ ഫീസിന്‍റെ ഇരട്ടി നിരക്ക് ഈടാക്കും. എന്നാൽ, യൂണിഫൈഡ് പേയ്മെന്‍റ് ഇൻ്റർഫേസ് (UPI) വഴി ഫീസ് അടയ്ക്കുന്ന ഉപയോക്താക്കളിൽ നിന്ന് ആ വാഹന വിഭാഗത്തിനുള്ള ബാധകമായ ഉപയോക്തൃ ഫീസിന്‍റെ 1.25 മടങ്ങ് മാത്രമേ ഈടാക്കു. ഉദാഹരണത്തിന് ഒരു വാഹനത്തിന് സാധുവായ ഫാസ്റ്റ് ടാഗ് വഴി 100 രൂപ ഉപയോക്തൃ ഫീസ് നൽകേണ്ടതുണ്ടെങ്കിൽ പണമായി അടച്ചാൽ 200 രൂപയും UPI വഴി അടച്ചാൽ 125 രൂപയും ആയിരിക്കും ഫീസ്. ഫീസ് ശേഖരണ പ്രക്രിയ ശക്തിപ്പെടുത്തുക, ടോൾ പിരിവിൽ സുതാര്യത വർദ്ധിപ്പിക്കുക, ദേശീയപാതയിലൂടെയുള്ള ഉപയോക്താക്കളുടെ യാത്രാ സുഗമമാക്കുക എന്നിവയാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe