ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ 13 വയസ്സുകാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നിശ്ചിത് എയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്താണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് വൈകുന്നേരം 5 മണിയോടെ ട്യൂഷൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ നിശ്ചിതിനെ കാണാതാകുന്നത്. വൈകുന്നേരം 7.30 ആയിട്ടും മകൻ വീട്ടിൽ തിരിച്ചെത്താത്തത് കണ്ട് കുട്ടിയുടെ അച്ഛൻ ജെ സി അചിതും ഭാര്യയും ട്യൂഷൻ അധ്യാപകനെ ബന്ധപ്പെട്ടു. എന്നാൽ മകൻ നിശ്ചയിച്ച സമയത്ത് തന്നെ പോയെന്ന് അധ്യാപകൻ മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അരെക്കെരെ ഫാമിലി പാർക്കിന് സമീപത്ത് നിന്ന് മാതാപിതാക്കൾക്ക് മകന്റെ സൈക്കിൾ ലഭിച്ചിരുന്നു.അതിനിടെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ ഹുളിമാവ് പോലീസ് സ്റ്റേഷനിൽ കാണാതായതിനും തട്ടിക്കൊണ്ടുപോകലിനും കേസ് ഫയൽ ചെയ്തു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വ്യാഴാഴ്ച രാത്രി കഗ്ഗലിപുര റോഡിന് സമീപത്ത് നിന്ന് രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയതിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.