ന്യൂഡൽഹി: കണ്ണൂർ ലോക്സഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള നാടകീയമായ തർക്കങ്ങൾക്കൊടുവിൽ കെ. സുധാകരന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുന്നു. കടുത്ത നിലപാടുകളുമായി പാർട്ടിയോട് ഇടഞ്ഞുനിന്ന സുധാകരനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണി നേരിട്ട് ഇടപെട്ടതോടെയാണ് മഞ്ഞുരുകിയത്. നിലവിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ടി.ഒ. മോഹനനെ മാറ്റി സുധാകരനെ തന്നെ മത്സരിപ്പിക്കാനാണ് നീക്കം.
സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്തിറങ്ങുമെന്ന സുധാകരന്റെ മുന്നറിയിപ്പ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതേത്തുടർന്നാണ് എ.കെ. ആന്റണി സുധാകരനുമായി ചർച്ച നടത്തിയത്. വൈകാരികമായ നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും മൂന്നാം പിണറായി സർക്കാർ വരുന്നത് തടയേണ്ടത് അനിവാര്യമാണെന്നും ആന്റണി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. സുധാകരന്റെ ആവശ്യം വീണ്ടും ചർച്ച ചെയ്യാനും അനുകൂല തീരുമാനമെടുക്കാനും ഹൈക്കമാൻഡ് നിർദ്ദേശം നൽകി.
കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചകളിൽ സിറ്റിംഗ് എം.പിമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഹൈക്കമാൻഡ്. വി.ഡി. സതീശൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ ഈ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ സുധാകരനും അടൂർ പ്രകാശും കടുത്ത അതൃപ്തിയിലായി. മല്ലികാർജുൻ ഖർഗെയും സതീശന്റെ നിലപാടിനൊപ്പം നിന്നതോടെ ചർച്ചകൾ പരാജയപ്പെട്ട് നേതാക്കൾ മടങ്ങിയിരുന്നു. എന്നാൽ സുധാകരൻ കടുത്ത നിലപാടിലേക്ക് നീങ്ങിയതോടെ ഹൈക്കമാൻഡ് തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.
