ഡിജിറ്റൽ അറസ്റ്റ് ജാഗ്രത പാലിക്കാം: കേരള പോലീസ്

news image
Sep 20, 2025, 3:52 am GMT+0000 payyolionline.in

കേരളത്തിലെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ സമീപകാലത്ത് വർധിച്ചുവരുന്നതിനാൽ, ഡിജിറ്റൽ അറസ്റ്റിന്റെ മറവിൽ വ്യക്തികൾക്കും ബിസിനസുകൾക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളുണ്ടാവുന്ന ധാരാളം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. സാധാരണക്കാർ മുതൽ വിദ്യാസമ്പന്നരായവരും ബിസിനസുകാരും പ്രൊഫഷണലുകളുമൊക്കെ ഈ കെണിയിൽ വീണുപോകുന്നുണ്ട്.

ഡിജിറ്റൽ അറസ്റ്റ് എന്നത് പണം തട്ടുന്നതിനായി ഇരകളെ ഭയപ്പെടുത്തി കള്ളക്കേസുകൾ സൃഷ്ടിക്കുന്ന ഓൺലൈൻ തട്ടിപ്പാണ്; തട്ടിപ്പുകാർ പോലീസ് അധികാരികളായും മറ്റും അഭിനയിച്ച്, മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടെന്ന് പറഞ്ഞ് നിങ്ങളെ വീഡിയോ കോളിലോ ഫോൺ കോളിലോ വിളിക്കുന്നു.

യാഥാർത്ഥത്തിൽ ഡിജിറ്റൽ അറസ്റ്റ് എന്ന സംവിധാനം നിലവിലില്ല, ഓൺലൈനായി ഒരാളെ അറസ്റ്റ് ചെയ്യാനാവില്ല; എന്നാൽ, ആദ്യം ഭയപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും (ഉദാഹരണത്തിന്, നിങ്ങളുടെ പേരിൽ കൊറിയറിൽ മയക്കുമരുന്ന് കണ്ടെത്തി എന്നും മറ്റും), പിന്നീട് വീഡിയോകോളുകൾ വഴി ജയിൽവാസ ഭീഷണികളും, വ്യാജ യൂണിഫോം, ഐഡി കാർഡുകൾ, ഗവൺമെന്റ് ഓഫീസ് സംവിധാനങ്ങളുടെ അനുകരണങ്ങളും ഉപയോഗിച്ച് ഇരകളെ കബളിപ്പിക്കുന്നു. “ആരോടും പറയരുത്” എന്ന മുന്നറിയിപ്പ് നൽകി കേസ് “തടയാൻ” പണം ആവശ്യപ്പെടുന്നു, അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുന്നു, പിന്നീട് തട്ടിപ്പുകാർ അപ്രത്യക്ഷരാകുന്നു.

ഇത്തരം ഓൺലൈൻ തട്ടിപ്പുകളെ പ്രതിരോധിക്കാൻ സർക്കാർ എന്നും നിങ്ങൾക്കൊപ്പം ഉണ്ട്. ഓർക്കുക ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല! കൂടാതെ സർക്കാർ ഏജൻസികൾ ഒരിക്കലും നിങ്ങളോട് പണം അടയ്ക്കുവാനോ ബാങ്ക് വിശദാംശങ്ങളോ ആവശ്യപ്പെടില്ല അജ്ഞാതരായ വ്യക്‌തികൾക്കോ ഫോൺ നമ്പറുകളിലേക്കോ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ ഒരിക്കലും പങ്കിടരുത്, ഭയപ്പെടുത്തലിനും സമ്മർദ്ദത്തിനും വഴങ്ങാതെ എത്രയും പെട്ടെന്ന് 1930 ഹെല്പ് ലൈനിലോ ലോക്കൽ പോലീസ് അല്ലെങ്കിൽ സൈബർ സെല്ലിനെയോ വിവരം അറിയിക്കാം.

തട്ടിപ്പിൽ വീണാൽ, ആദ്യം തന്നെ നിങ്ങളുടെ ബാങ്കിനെ അറിയിച്ച് അക്കൗണ്ട് ഫ്രീസ് ചെയ്യുക, cybercrime.gov.in വഴി ദേശീയ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുക, കോൾ റെക്കോർഡുകൾ, സന്ദേശങ്ങൾ, ട്രാൻസാക്ഷൻ വിശദാംശങ്ങൾ തുടങ്ങിയ തെളിവുകൾ സൂക്ഷിക്കുക, ആവശ്യമെങ്കിൽ ഒരു അഭിഭാഷകനെയും സമീപിക്കാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe