ഡിജിറ്റൽ സർവേ നടപടികൾ ഇങ്ങനെ; ഭൂവുടമകൾ അറിയേണ്ടതും ചെയ്യേണ്ടതും : ഭാഗം 2

news image
Feb 23, 2025, 9:18 am GMT+0000 payyolionline.in

 

 

സർവേ ചെയ്യുന്നതിനു സൗകര്യം ഒരുക്കുക. അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ ഇല്ലാത്ത പക്ഷം സർവേ തീയതിക്കു മുൻപുതന്നെ അവ സ്‌ഥാപിക്കുക.

 

എല്ലാ ഭൂവുടമകളുടെയും ഓരോ വസ്‌തു(ലാൻ‌ഡ് പാഴ്സൽ)വിലും സർവേ ഉദ്യോഗസ്‌ഥർ നേരിട്ടെത്തി സർവേ നടത്തുന്ന ബൃഹദ് പദ്ധതിയാണ് കേരളത്തിൽ നടന്നുവരുന്നത്. ഓരോ ഘട്ടത്തിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരാതികൾ നിശ്ശേഷം ഇല്ലാതാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ഇതിന്റെ സവിശേഷതയാണ്.

 

ഡിജിറ്റൽ സർവേയുടെ ആരംഭം, സർവേ നടത്തുന്ന ദിവസങ്ങൾ, സർവേ പൂർത്തിയായ വിവരം, പരിശോധനയ്ക്കായി ഭൂരേഖകൾ പ്രദർശിപ്പിക്കുന്ന സ്‌ഥലം എന്നിവ എല്ലാ ഭൂവുടമസ്‌ഥരെയും അറിയിക്കും. ഇതിനായി സർവേ സഭ, സർവേ ജാഗ്രതാ സമിതി, മൊബൈൽ സന്ദേശം കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ വാട്സാപ് ഗ്രൂപ്പുകൾ എന്നിവ പ്രയോജനപ്പെടുത്തും. കൂടാതെ ‘എന്റെ ഭൂമി’ പോർട്ടലിലും സർവേ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാക്കും.

 

വിവിധ ഘട്ടങ്ങൾ

 

ഒരു വില്ലേജിന്റെ സർവേ ആരംഭിക്കുന്ന വിവരം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നടപടികൾക്കു തുടക്കമാകും. തുടർന്ന് ബന്ധപ്പെട്ട ഓഫിസുകളിൽനിന്നു രേഖകൾ ശേഖരിച്ച് ‘എന്റെ ഭൂമി’ പോർട്ടലിൽ അ‌പ്ലോഡ് ചെയ്യുന്നു. അടുത്ത ഘട്ടത്തിൽ വാർഡ് തല സർവേ സഭ വിളിച്ചുചേർത്ത് നടപടിക്രമം വിശദീകരിക്കും. ഒപ്പം സർക്കാർഭൂമികൾ പുനർനിർണയിച്ചു നിലനിർത്തും. പിന്നീട് ഭൂവുടമസ്‌ഥരുടെ പേര്, ഭൂമിയുടെ വിശദാംശങ്ങൾ എന്നിവ സ്ഥിരീകരിച്ചശേഷം ഫീൽഡ് സർവേ നടത്തുന്നു. ഭൂമിയുടെ വിസ്തീർണം. അളവുകൾ തുടങ്ങിയവ ഫീൽഡിൽ വച്ചുതന്നെ ഭൂവുടമസ്‌ഥനെ ബോധ്യപ്പെടുത്തുന്നു. ഭൂവുടമസ്‌ഥരുടെ ഫോൺനമ്പർ ഭൂരേഖകളുമായി ബന്ധിപ്പിക്കുന്നു. സർവേ പൂർത്തിയാകുന്ന മുറയ്ക്ക്, റെക്കോർഡുകൾ പൊതുജന പരിശോധയ്ക്കായി പ്രദർശിപ്പിക്കുന്നു. ലഭിക്കുന്ന ആക്ഷേപങ്ങൾ പരിശോധിച്ച് സത്വരം പരിഹരിക്കുന്നു. തുടർന്ന് സെക്ഷൻ 13 പ്രകാരം വിജ്‌ഞാപനം പുറപ്പെടുവിച്ച് സർവേയുടെ നടപടിക്രമം പൂർത്തിയാക്കുന്നതോടെ റെക്കോർഡുകൾ റവന്യൂ ഭരണത്തിൽ പ്രാബല്യത്തിലാക്കുന്നു.

 

ഭൂവുടമകൾ ചെയ്യേണ്ടത്

 

1. സർവേ സഭയിലും മറ്റു യോഗങ്ങളിലും പങ്കെടുക്കുക.

 

2. സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ച് ‘എൻ്റെ ഭൂമി’ പോർട്ടലിൽ റജിസ്‌റ്റർ ചെയ്യുക. പോർട്ടൽ പരിശോധിച്ച് സ്വന്തം ഭൂമിയുടെ വിവരം റവന്യൂരേഖകളിലുണ്ടെന്ന് ഉറപ്പു വരുത്തുക. അവ ഇല്ലാത്ത പക്ഷം ബന്ധപ്പെട്ട രേഖകൾ സഹിതം പോർട്ടലിലൂടെത്തന്നെ അപേക്ഷ സമർപ്പിക്കുക.

 

3. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ നൽകുക.

 

4. സർവേ ചെയ്യുന്നതിനു സൗകര്യം ഒരുക്കുക. അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ ഇല്ലാത്ത പക്ഷം സർവേ തീയതിക്കു മുൻപുതന്നെ അവ സ്‌ഥാപിക്കുക.

 

5. സർവേ സമയത്ത് നേരിട്ടു ഹാജരായി തങ്ങളുടെ ഭൂമിയുടെ എല്ലാ ബെൻഡ് പോയിൻ്റുകളും കൃത്യമായി സർവേ ടീമിന് കാണിച്ചുകൊടുക്കുക. ഓരോ ഭൂമിയും പ്രത്യേകം പാഴ്സലുകളായി സർവേ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. സർവേ സമയത്ത് ഭൂവുടമസ്‌ഥർ സ്‌ഥലത്തില്ലെങ്കിൽ പകരക്കാരനായി ഒരാളെ ചുമതലപ്പെടുത്തുക. പകരക്കാരനെ ചുമതലപ്പെടുത്തുന്ന കത്തു നൽകുന്നത് ഉചിതം.

 

6. സർവേ ഉദ്യോഗസ്‌ഥർ ഫീൽഡിൽ വച്ച് കാണിച്ചു തരുന്ന വിവരങ്ങൾ (വിസ്‌തീർണം, ഉടമസ്‌ഥൻ്റെ പേര് തുടങ്ങിയവ) ശരിയാണെന്ന് ഉറപ്പു വരുത്തുക. ഭൂവുടമസ്‌ഥൻ്റെ ഫോൺ നമ്പർ, ലാൻഡ് റെക്കോർഡുമായി ബന്ധിപ്പിക്കുന്നതിന് ഫോൺ നമ്പറിൽ ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് സർവേ ഉദ്യോഗസ്ഥർക്കു നൽകുക.

 

7. ‘എന്റെ ഭൂമി’ പോർട്ടൽ മുഖേന സേവനം ലഭ്യമാക്കുന്നതിന് ഭൂവുടമസ്‌ഥൻ്റെ ഫോൺ നമ്പർ, ലാൻഡ് റെക്കോർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

 

8. സർവേ പൂർത്തിയാക്കി റെക്കോർഡുകൾ പ്രദർശിപ്പിക്കുമ്പോൾ അവ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്തുക.

 

അറിയേണ്ട കാര്യങ്ങൾ

 

ലാൻഡ് പാഴ്സൽ മാപ്പ് (LPM) എന്നത് ഭൂമിയുടെ അതിർത്തികളും ഉടമസ്ഥാവകാശവും കൃത്യമായി കാണിക്കുന്ന ഔദ്യോഗിക രേഖയാണ്. ഭുമിയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരിക്കും ഇത്. ഉദാഹരണമായി ഭൂമി വിൽപന. വായ്‌പ, പണയം എന്നിവ നടത്തുന്നതിന് എൽപിഎം അനിവാര്യമാണ്. എൽപിഎമ്മിൽ ആധാർ നമ്പർ കൂടി ചേർക്കുന്നത് ഈ രേഖയുടെ വിശ്വാസ്യത വർധിപ്പിക്കും: ഇതുവഴി, ഭൂമിയുടെ യഥാർഥ ഉടമയെ കൃത്യമായി തിരിച്ചറിയാനാവും. വിവിധ ക്ഷേമപദ്ധതികളിലെ ആനുകുല്യങ്ങൾ, കർഷകർക്കുള്ള ആനുകൂല്യങ്ങൾ, ബാങ്ക് ലോൺ തുടങ്ങിയവ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇതുപകരിക്കും. ഭൂമി സംബന്ധിച്ച തർക്കങ്ങളും അഴിമതിയും കുറയ്ക്കുന്നതിനും ഇത് സഹായകമാണ്.

 

ഡിജിറ്റൽ സർവേ നടക്കുന്ന പ്രദേശങ്ങളിൽ സ്വകാര്യ സർവേ ചെയ്‌ത് ഭൂരേഖകൾ തയാറാക്കണമെന്നു വ്യാജപ്രചരണം നടക്കുന്നുണ്ട്. ഇത്തരമൊരു നിർദേശം സർക്കാർ നൽകിയിട്ടില്ല. ഡിജിറ്റൽ സർവേ നടക്കുന്ന പ്രദേശങ്ങളിൽ ക്യാംപ് ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ പ്രവർത്തനങ്ങളും. ജനങ്ങൾക്ക് ഇവിടെ നേരിട്ട് സർവേ ഓഫിസർമാരുമായി സംവദിക്കാം, സംശയങ്ങൾക്ക് ഉത്തരം തേടാം.

 

 

പരാതിപരിഹാരം

 

ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് പ്രസ്‌തുത പ്രദേശത്തെ ഭൂരേഖകൾ ‘എൻ്റെ ഭൂമി’ പോർട്ടലിൽ ലഭ്യമാകും. വാർഡ് തലത്തിൽ ഡിജിറ്റൽ സർവേ റെക്കോർഡുകൾ പ്രദർശിപ്പിക്കും. സർവേ പൂർത്തിയായ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതിനായി അതിരടയാള നിയമ പ്രകാരം സെക്‌ഷൻ 9(2) പ്രസിദ്ധീകരിച്ചതിനുശേഷം ഒരു മാസം സർവേ റെക്കോർഡുകൾ ബന്ധപ്പെട്ട ക്യാംപ് ഓഫിസുകളിലും പ്രദർശിപ്പിക്കും. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി. റിക്കാർഡുകൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സർവേ റെക്കോർഡുകളിൽ അപാകതയുണ്ടെങ്കിൽ പോർട്ടൽ മുഖേനതന്നെ അറിയിക്കാം. ഈ അവസരം പ്രയോജനപ്പെടുത്താതെ, പിൽക്കാലത്ത് കണ്ടെത്തുന്ന അപാകതകൾ പരിഹരിക്കാൻ കൂടുതൽ സമയവും പരിശ്രമവും വേണ്ടിവരും.

 

 

സർവേ സമയത്ത് Original Land Complaints (OLC), Appeal Land Complaints (ALC) എന്നിങ്ങനെ രണ്ടു തരം അപേക്ഷകൾ നൽകാം. സർവേ അതിരടയാള നിയമത്തിലെ സെക്‌ഷൻ 6(1) പ്രസിദ്ധീകരിച്ചാണ് സർവേ ജോലികൾ ആരംഭിക്കുന്നത്. പ്രസ്‌തുത തീയതി മുതൽ റീസർവേ പൂർത്തിയാക്കി സർവേ അതിരടയാള നിയമ സെക്ഷൻ 9(2) പ്രസിദ്ധീകരിക്കുന്നതുവരെ നൽകുന്ന പരാതികളാണ് Original Land Complaints (OLC), സെക്ഷൻ 9(2) പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരുമാസ കാലയളവിനുള്ളിൽ Appeal Land Complaints (ALC) ആണ് നൽകേണ്ടത്.

 

സർവേ അതിരടയാള നിയമം സെക്‌ഷൻ 13 പ്രസിദ്ധീകരിച്ച് റെക്കോർഡുകൾ റവന്യു ഭരണത്തിനായി പ്രാബല്യത്തിൽ വന്ന ശേഷമുള്ള പരാതികൾ ലാൻഡ് റെക്കോർഡ്‌സ് മെയിന്റനൻസ് (LRM) സംവിധാനം മുഖേന നൽകാം.

 

വിവരങ്ങൾക്ക് കടപ്പാട്: എസ്.സലിം , ഡപ്യൂട്ടി ഡയറക്ടർ, സർവേയും ഭൂരേഖയും വകുപ്പ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe