കണ്ണൂർ: ഡ്രൈവിങ് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. റോഡുകളിലും സ്ഥാപനത്തിന്റെ ഗ്രൗണ്ടിലും അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിക്കുന്നതും തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്ന വിധം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും വാഹനത്തിന്റെ ഡോറിലും മുകളിലും കയറിയിരുന്നു യാത്ര ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദു ചെയ്യല്‍, ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദുചെയ്യല്‍ മുതലായ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ അറിയിച്ചു.
ഇത്തരത്തിലുള്ള ഷോകള്‍ നടക്കുന്നില്ല എന്ന് അതതു വിദ്യാലയത്തിലെ അധ്യാപകര്‍ ഉറപ്പാക്കണമെന്നും ആര്.ടി.ഒ നിര്‍ദേശിച്ചു. ജില്ലയില്‍ ചില ഭാഗങ്ങളില്‍ കുറച്ചു കാലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി തുടങ്ങുന്ന അവസരങ്ങളില്‍ സെന്റ് ഓഫ്, ഫെയര്‍വെല്‍ പാര്ട്ടിഎന്നെല്ലാം പേരുകളില്‍ വിദ്യാർഥികള്‍ ആഘോഷം നടത്തുന്നുണ്ട്.
ഇത്തരം വേളകളില്‍ പരിഷ്കരിച്ചതും അല്ലാത്തതുമായ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള റോഡ് ഷോ, വാഹന റാലി എന്നിവ സംഘടിപ്പിക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
വിവാഹ വേളകളിലും ഇത്തരം റാലികളും ഷോകളും നടത്തപ്പെടുന്നതായി പരാതി ലഭിക്കുന്നുണ്ട്.
കൂടാതെ കേരള ഹൈകോടതി ഇത്തരത്തിലുള്ള സംഭവങ്ങളില്‍ കര്‍ശന നടപടി എടുത്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ അറിയിച്ചു.