വടകര: സ്വകാര്യ ബസുകളുടെ അമിതവേഗത്തിൽ ജീവൻ പൊലിയുന്നത് തുടരുന്ന സാഹചര്യത്തിൽ നടപടിക്കൊരുങ്ങി പൊലീസ്. ഞായറാഴ്ച യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ബസുകൾ തടയാനുള്ള നീക്കം പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് നിർത്തിവെച്ചു. വടകര സി.ഐ കെ. മുരളീധരൻ, എസ്.ഐ രജ്ജിത്ത് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ, കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് ബബിൻ ലാൽ തുടങ്ങിയവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബസ് തടയൽ നിർത്തിവെച്ചത്.
യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടതുപ്രകാരം വടകരയിലെ ഡ്രൈവർമാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ പരിശോധനകൾ നടത്തുമെന്നും അപകടം വരുത്തിയ ഹരേ റാം ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ വേണ്ടതായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പ് നൽകി. അപകടങ്ങൾ വരുത്തുന്ന ബസുകൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ബസ് ഉടമകളുടെ യോഗം വിളിച്ച് മത്സരയൊട്ടം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിർദേശം നൽകും.
പൊലീസ് മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ബസുകളുടെ ഓട്ടം നിരീക്ഷിക്കും. കഴിഞ്ഞ ദിവസം അപകടത്തിനിടയാക്കിയ ഹരേ റാം ബസിന് ചാനിയംകടവ്, പേരാമ്പ്ര റൂട്ടിൽ ഓടാൻ പെർമിറ്റില്ലെന്ന പരാതി പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകി. പെർമിറ്റ് ഇല്ലാതെയാണ് പല ബസുകളും വിവിധ റൂട്ടുകളിലായി സർവിസ് നടത്തുന്നത്. ഇതു പരിശോധിക്കുന്നതിനായി ആർ.ടി.ഒയുടെ നേതൃത്വത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വടകര ആർ.ടി.ഒ ഓഫിസിന്റെ പങ്ക് അന്വേഷിക്കണം
വടകര: വടകരയിൽ ഒരാഴ്ചക്കിടെ രണ്ട് ജീവൻ പൊലിയാനിടയായ ബസ് അപകടത്തെക്കുറിച്ച് ഗുരുതരമായ പരാതികളാണ് ഉയരുന്നതെന്നും സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വി.പി. ദുൽഖിഫിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപകടത്തിൽപ്പെട്ട ബസ് റൂട്ടുമാറി ഓടിച്ചുവെന്ന വിവരം തെളിവ് സഹിതം പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിനിടയാക്കിയ ബസിൽ സി.സി.ടി.വി കാമറ ഇല്ലാത്തത് ഗുരുതരമായ നിയമലംഘനമാണ്. അനധികൃതമായി സർവിസ് നടത്തി രണ്ട് ജീവൻ നഷ്ടമാകാനിടയാക്കിയ ബസിന് സർവിസ് നടത്താൻ ഒത്താശ ചെയ്തത് ബസ് ഉടമയുടെ ബന്ധുവും ആർ.ടി.ഒ ഓഫിസിലെ ജീവനക്കാരനുമാണെന്ന പരാതി ഉയർന്നിട്ടുണ്ട്.
ഈയൊരു സാഹചര്യത്തിൽ ശക്തമായ അന്വേഷണം വേണം. കൂടാതെ താൽക്കാലിക പെർമിറ്റ് മാനദണ്ഡങ്ങൾ ലംഘിച്ച് നൽകുന്നതായും പരാതിയുണ്ട്. ആർ.ടി.ഒ ഓഫിസിനെതിരായി അഴിമതി ആരോപണമുയർന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു.