ന്യൂഡൽഹി: വായുവിന്റെ ഗുണനിലവാരം മോശമാകുന്നത് ദേശീയ തലസ്ഥാനത്തിന് പല രീതിയിൽ ആഘാതമാവുന്നു. ഇത് കച്ചവടങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് നിരവധി വ്യാപാരി സംഘടനകൾ പറയുന്നു. വിപണിയുടെ അടിത്തട്ടിൽ കുത്തനെയുള്ള ഇടിവിന് അന്തരീക്ഷ മലിനീകരണം കാരണമായി.
സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് സദർ വിപണിയിൽ 15 ശതമാനം ഇടിവുണ്ടായതായി സദർ ബസാർ ട്രേഡ്സ് അസോസിയേഷൻ പ്രസിഡന്റ് രാകേഷ് യാദവ് പറഞ്ഞു. ‘ബസാർ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. പ്രത്യേകിച്ച് മൊത്തവ്യാപാര ഷോപ്പിംഗിനായി വരുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ. കടുത്ത വായു മലിനീകരണം കാരണം പലരും ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കി ഓൺലൈനിൽ ഓർഡറുകൾ നൽകുന്നുവെന്നും’ യാദവ് പറഞ്ഞു.
‘ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ’ നാലാംഘട്ടം നടപ്പിലാക്കിയതിനു ശേഷം കാൽനടക്കാരുടെ എണ്ണത്തിൽ 60 ശതമാനം ഇടിവ് ഉണ്ടായതായി ഖാൻ മാർക്കറ്റ് ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സഞ്ജീവ് മെഹ്റയും പറയുന്നു. ‘ഖാൻ മാർക്കറ്റിലെ തിരക്ക് ഗണ്യമായി കുറഞ്ഞു. ഇത് വ്യാപാരികളെ പ്രത്യേകിച്ച് ചെറുകിട കച്ചവടക്കാരെ ബാധിക്കുന്നു. ഈ നടപടികൾ ചെറുകിട വ്യാപാരികളുടെ വയറ്റത്താണ് അടിക്കുന്നതെന്നും മെഹ്റ കൂട്ടിച്ചേർത്തു.
വായു മലിനീകരണവും അനുബന്ധ നിയന്ത്രണങ്ങളും ഡൽഹിയുടെ വ്യാപാര മേഖലയെ സാരമായി ബാധിച്ചുവെന്നും ഇത് 20 ശതമാനം ബിസിനസ് നഷ്ടമുണ്ടാക്കുമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൾ പ്രസ്താവനയിൽ പറഞ്ഞു. ചാന്ദ്നി ചൗക്ക്, കരോൾ ബാഗ്, ലജ്പത് നഗർ തുടങ്ങിയ വിപണികളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വരവ് കുറയുന്നതും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം വരുമാനം കുത്തനെ കുറയുന്നുവെന്നും ഖണ്ഡേൽവാൾ പറഞ്ഞു. സീസണൽ ബിസിനസുകൾ, പ്രത്യേകിച്ച് ഉത്സവങ്ങളെയും വിവാഹങ്ങളെയും ആശ്രയിക്കുന്നവയെല്ലാം ഏറ്റവും ഉയർന്ന വിൽപ്പന കാലയളവായിട്ടും കാര്യമായ നഷ്ടം നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലാംഘട്ടത്തിൽ ട്രക്ക് പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളും ഉൾപ്പെടുന്നു. അവശ്യസാധനങ്ങളുടെ കടത്ത് മാത്രമാണ് അനുവദിക്കുക. എൽ.എൻ.ജി, സി.എൻ.ജി വൈദ്യുതി പോലുള്ള ശുദ്ധ ഇന്ധനങ്ങൾ ഉപയോഗിക്കുക, സ്കൂളുകൾ അടച്ചിടുന്നതിനൊപ്പം നിർമാണ-പൊളിക്കൽ പ്രവർത്തനങ്ങൾക്ക് അധിക നിരോധനം എന്നിവക്കു മാത്രമേ അനുമതിയുള്ളൂ.
വായുവിന്റെ ഗുണനിലവാര തോത് 494ൽ എത്തിയതോടെ ആറു വർഷത്തിനിടയിലെ ഏറ്റവും മോശം രണ്ടാമത്തെ വായു നിലവാരം ഡൽഹി രേഖപ്പെടുത്തി. പാർക്കുകളിലേക്കുള്ള വരവ് പലരും നിർത്തിയതായി റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘സേവ് ഔർ സിറ്റി’ കാമ്പയ്ൻ കൺവീനർ രാജീവ് ഗാന്ധി പറഞ്ഞു. ‘ഒരിക്കൽ സജീവമായ പാർക്കുകൾ ഇപ്പോൾ ആളുകളുടെ എണ്ണം കുറവായതിനാൽ ശൂന്യമാണ്. കുട്ടികളുടെ ചിരിയും കളിയും നിശ്ശബ്ദതയാൽ മാറ്റിസ്ഥാപിക്കപ്പെട്ടു. മലിനീകരണം ആളുകളെ വീടിനുള്ളിൽ നിർത്തുന്നത് എത്രത്തോളം ആഴത്തിൽ ബാധിച്ചുവെന്ന് ഇത് കാണിക്കുന്നു’-അദ്ദേഹം കൂട്ടിച്ചേർത്തു.