അടിമാലി: ഉൽപാദന സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റവും മാർക്കറ്റിൽ തക്കാളി വരവ് കുറഞ്ഞതും വില വർധനക്കിടയാക്കുന്നു. തക്കാളി മൊത്തവില കിലോക്ക് 80 രൂപയായാണ് ഉയർന്നത്. മൊത്ത വിതരണ കേന്ദ്രങ്ങളിൽ തക്കാളി തരം അനുസരിച്ച് 80 രൂപയ്ക്കാണ് വിറ്റുപോയത്. ചില്ലറ വില ഇതിനെക്കാൾ കൂടും.
തമിഴ്നാട്ടിൽ നിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തക്കാളി ജില്ലയിൽ എത്തുന്നുണ്ട്. കർണാടകയിൽ രണ്ടാഴ്ചയോളം തുടർച്ചയായി മഴ പെയ്യുന്നതും ജില്ലയിൽ പലയിടങ്ങളിലും മഴ തുടരുന്നതും തക്കാളിയുടെ വരവ് കുറയാൻ ഇടയായി. ദിവസേന എത്തുന്ന തക്കാളി ഇപ്പോൾ പകുതിയിൽ അധികം കുറഞ്ഞു.
കേരളത്തിൽ നിന്നുള്ള കച്ചവടക്കാർ തക്കാളി കൂടുതലായി ആവശ്യപ്പെട്ടതും വില കൂടാൻ ഇടയാക്കി. മഴ തുടരുന്നതോടെ തക്കാളി വില 100 രൂപയിലേക്ക് കടക്കാനുള്ള സാധ്യത കച്ചവടക്കാർ തള്ളിക്കളയുന്നില്ല.
