തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 11 മുതൽ 20 വരെ

news image
Mar 8, 2026, 4:20 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം മാർച്ച് 11 മുതൽ 20 വരെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. മാർച്ച് 11-ന് കുട്ടിച്ചാത്തൻ-ഗുളികൻ പുനഃപ്രതിഷ്ഠാ വാർഷികത്തോടുകൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ഇതോടൊപ്പം ക്ഷേത്ര പരിപാലന സമിതി 20 ലക്ഷത്തോളം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച ചുറ്റുമതിലിന്റെയും കവാടത്തിന്റെയും സമർപ്പണം ക്ഷേത്രം തന്ത്രി കുന്നിമഠത്തില്ലത്ത് നാരായണൻ നമ്പൂതിരി നിർവ്വഹിക്കും. 12 മുതൽ 16 വരെയുള്ള തീയതികളിൽ ഉത്സവവിളക്കുകളും 16, 17 തീയതികളിൽ പ്രാദേശിക കലാകാരന്മാരുടെ ഗ്രാമോത്സവം പരിപാടിയും അരങ്ങേറും.

മഹോത്സവത്തിന്റെ ഭാഗമായുള്ള കൊടിയേറ്റ കർമ്മം 17-ാം തീയതി രാത്രി 7-നും 8-നും മധ്യേ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഊരാളന്മാർ നിർവ്വഹിക്കും. 18-ന് പറമ്പിൽ ഭഗവതി ക്ഷേത്രവും വി ട്രസ്റ്റ് കണ്ണാശുപത്രിയും നേത്ര ഓപ്റ്റിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യയും രാത്രിയിൽ ഗുളികൻ, കുട്ടിച്ചാത്തൻ വെള്ളാട്ടുകളും ഉണ്ടായിരിക്കും.

ആഘോഷത്തിന്റെ പ്രധാന ദിനമായ 19-ന് വിവിധ ആചാരവരവുകളും ഇളനീർക്കുല വരവുകളും നടക്കും. വൈകുന്നേരം താലപ്പൊലി എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, ഭഗവതിയുടെയും കാരണവരുടെയും വെള്ളാട്ട് എന്നിവയ്ക്ക് ശേഷം രാത്രിയിൽ വിശേഷാൽ വലിയ വട്ടളം ഗുരുതിയും തണ്ടാന്റെ ആചാരവരവും പൂക്കലശം വരവുകളും നടക്കും. ഉത്സവത്തിന്റെ സമാപന ദിവസമായ 20-ന് പുലർച്ചെ ഗുളികൻ, കുട്ടിച്ചാത്തൻ, കാരണവർ, ഭഗവതി തിറകൾ എന്നിവ അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ ക്ഷേത്ര പരിപാലന സമിതി ഭാരവാഹികളായ അശോകൻ ജി.കെ (പ്രസിഡന്റ്), അഡ്വ. പി.ടി പ്രവീൺ കുമാർ (സെക്രട്ടറി), അശോകൻ എം.പി (ട്രഷറർ), ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ പി.ടി രാഘവൻ (പ്രസിഡന്റ്), സി.പി സത്യൻ (സെക്രട്ടറി), എം.വി ബാബു (രക്ഷാധികാരി), ആദിഷ് ആർ.കെ, രജീഷ് കുഴിക്കാട്ട് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe