തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു, സ്ഥാനാര്‍ത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക അറിയാം

news image
Nov 15, 2025, 6:18 am GMT+0000 payyolionline.in

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയും, ജില്ലാ പഞ്ചായത്തില്‍ 1,50,000 രൂപയുമാണ്.
മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ പരമാവധി 75,000 രൂപയും, കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ 1,50,000 രൂപയും വരെ ചെലവാക്കാം. സ്ഥാനാർത്ഥിയോ, തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളില്‍ ചെലവ് നിരീക്ഷകരുണ്ടാവും. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് നല്‍കേണ്ടത്. www.sec.kerala.gov.in ല്‍ Election Ex-penditure module – ല്‍ സ്ഥാനാർത്ഥികള്‍ Log in ചെയ്തു ഓണ്‍ലൈനായും കണക്ക് സമർപ്പിക്കാം.

സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപനദിവസം വരെയുള്ള ചെലവ് കണക്കാണ് നല്‍കേണ്ടത്. സ്ഥാനാർത്ഥിയോ, തിരഞ്ഞെടുപ്പ് ഏജന്റോ, ചെലവാക്കിയ തുക കണക്കില്‍പ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. അവയുടെ ഒറിജിനല്‍ സ്ഥാനാർത്ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നല്‍കുകയും വേണം. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവരെ കമ്മീഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും. ഉത്തരവ് തീയതി മുതല്‍ 5 വർഷത്തേക്കാണ് അയോഗ്യത വരിക. നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നല്‍കിയതെന്ന് ബോദ്ധ്യപ്പെട്ടാലും കമ്മീഷൻ അവരെ അയോഗ്യരാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe