തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാര്‍ഥികളും നേതാക്കളും. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രചരണം ഇന്ന് അവസാനിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. ഇന്ന് രാവിലെ 9 മണി മുതൽ പോളിങ് സാമഗ്രികള്‍ വിതരണം ആരംഭിക്കും. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്‍ഡുകളിലേയ്ക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രണ്ടു ഘട്ടങ്ങളിലായി പോളിങ്ങിന് 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പൊലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്
ഇന്നലെ അതിഗംഭീരമായിട്ടാണ് ഈ ജില്ലകളിൽ കൊട്ടിക്കലാശം നടന്നത്. അണമുറിയാത്ത ആവേശത്തിൽ തെരുവില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ അണിനിരന്നപ്പോള്‍ കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടറിഞ്ഞു. താളവാദ്യങ്ങളും മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളെ സ്വീകരിച്ചത്. റോഡ് ഷോയോടെയാണ് പലയിടത്തും കൊട്ടിക്കലാശത്തിന് സമാപനം ആയത്. ചിലയിടത്ത് പൊതുപ്രകടനങ്ങള്‍ സ്ഥാനാര്‍ഥികള്‍ തന്നെ നയിച്ചു. അരയും തലയും മുറുക്കി മുന്നണികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കലാശക്കൊട്ടിലും പ്രതിഫലിച്ചു.
