തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം. തദ്ദേശ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. പകല്‍ 11നും മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പണം. നാമനിര്‍ദേശ പത്രിക നല്കുന്ന ദിവസം 21 വയസ് പൂര്‍ത്തിയാകണം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥി ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടര്‍ക്ക് മുമ്പാകെയോ ഉപവരണാധികാരികളായ എഡിഎമ്മിനോ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കോ മുമ്പാകെയോ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോര്പറേഷന്, മുനിസിപ്പാലിറ്റി എന്നിവടങ്ങളില്‍ കമീഷന് ചുമതലപ്പെടുത്തിയിട്ടുള്ള വരണാധികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ പത്രിക സമര്‍പ്പിക്കണം. വാര്‍ഡുകള്‍ കൂടുതലുള്ള മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഒന്നിലധികം വരണാധികാരികളെ നിശ്ചയിച്ചിട്ടുണ്ട്.
പഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക്പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ഥികള്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനം മാത്രമേ 100 മീറ്റര്‍ പരിധിക്കുള്ളില്‍ അനുവദിക്കുകയുള്ളൂ.
വരണാധികാരികളുടെ മുറിയില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ 5 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. 21 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക. 22ന് സൂക്ഷ്മ പരിശോധന. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 24 ആണ്. തദ്ദേശതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷന് ഇന്ന് പ്രസിദ്ധീകരിക്കും.
