തമിഴ്നാട്ടിൽ 100 പിങ്ക് ഓട്ടോകൾ നിരത്തിലിറക്കി, ക്യുആർ കോഡ് സംവിധാനവും ഏർപ്പെടുത്തി

news image
Mar 10, 2025, 11:44 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട്ടിലെ നിരത്തുകളിലേക്ക് പിങ്ക് ഓട്ടോകളെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗുണഭോക്താക്കളായ വനിതകൾക്ക് ഓട്ടോകൾ കൈമാറി. നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സംസ്ഥാന സാമൂഹികക്ഷേമ, വനിതാ ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് 100 പിങ്ക് ഓട്ടോകൾ നിരത്തുകളിലേക്ക് ഇറക്കിയത്. സ്ത്രീയാത്രക്കാർക്ക് സുരക്ഷയും സ്ത്രീ ഡ്രൈവർമാർക്ക് വരുമാനവും ഉറപ്പാക്കുക എന്നതാണ് പിങ്ക് ഓട്ടോ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ പേരിൽ നഗര സ്വയം സഹായ സംഘത്തിലെ വനിതാ അംഗങ്ങൾക്ക് 50 ഇലക്ട്രിക് ഓട്ടോകളും അദ്ദേഹം കൈമാറി.

അതോടൊപ്പം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ചെന്നൈയിലെ ഓട്ടോറിക്ഷകളിലും ക്യാബുകളിലും ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തി. അടിയന്തര ഘട്ടങ്ങളിൽ പൊലീസിനെ നേരിട്ട് ബന്ധപ്പെടാൻ ഈ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി. ഡ്രൈവറുടെ സീറ്റിന് പിന്നിലായാണ് ഈ ക്യൂആർ കോഡ് പതിക്കുക. കോഡ് സ്കാൻ ചെയ്ത് എസ്ഒഎസ് ബട്ടണ്‍ അമർത്തിയാൽ പൊലീസ് കണ്‍ട്രോൾ റൂമിൽ വിവരം ലഭിക്കും. ഏത് സമയത്തായാലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിവിധ നഗരങ്ങളിലായി പുതിയ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ നിർമിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. കാഞ്ചീപുരം, ഈറോഡ്, ധർമ്മപുരി, ശിവഗംഗ, തേനി, കടലൂർ, നാഗപട്ടണം, റാണിപേട്ട്, കരൂർ ജില്ലകളിലായി 72 കോടി രൂപ ചെലവിലാണ് പുതിയ ഹോസ്റ്റലുകൾ നിർമ്മിക്കുകയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 700 കിടക്കകളുള്ള ഹോസ്റ്റലുകളിൽ ബയോമെട്രിക് എൻട്രി, വൈഫൈ സൗകര്യം, ശുദ്ധീകരിച്ച കുടിവെള്ളം, 24 മണിക്കൂർ സുരക്ഷ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe