തിരൂർ: താനൂരിൽ പ്ലസ്ടു വിദ്യാർഥിനികൾ നാടുവിട്ട സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടവണ്ണ സ്വദേശി റഹീം അസ്ലമാണ് പിടിയിലായത്. മുംബൈയിൽ നിന്ന് മടങ്ങിയ ഇയാളെ തിരൂർ സ്റ്റേഷനിൽ വെച്ചാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
സമൂഹമാധ്യമത്തിലൂടെ കുട്ടികളുമായി പരിചയത്തിലായ റഹീമാണ് കുട്ടികളെ മുംബൈയിലേക്ക് പോകാൻ സഹായിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുട്ടികൾ വീടുവിട്ടിറങ്ങിയതിൽ ഇയാൾക്ക് കൂടുതൽ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്നും എസ്.പി കൂട്ടിച്ചേർത്തു.
അതേസമയം, കാണാതായ പെണ്കുട്ടികളുമായി താനൂരിൽ നിന്നെത്തിയ പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ നാട്ടിലെത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കി കെയർ ഹോമിലേക്ക് മാറ്റും. കൗൺസിലിങ്ങും നൽകുമെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെ പരീക്ഷക്കായി വീട്ടിൽ നിന്ന് പുറപ്പെട്ട വിദ്യാർഥിനികൾ സ്കൂളിലെത്താത്തതിനെ തുടർന്നാണ് കാണാതായ വിവരം പുറത്തറിഞ്ഞത്. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
സ്കൂൾ യൂനിഫോം മാറ്റി ജീൻസും ടീ ഷർട്ടും ധരിച്ച നിലയിലായിരുന്നു കുട്ടികൾ. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട്ട് എത്തിയതിന് പിന്നാലെ ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായി. സ്വിച്ച് ഓഫ് ആകുന്നതിന് മുമ്പ് ഇരുവരുടേയും ഫോണിൽ ഒരേ നമ്പറിൽ നിന്ന് കോൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്ലമിന്റെ പേരിലുള്ള സിം കാർഡിൽ നിന്നായിരുന്നു കോളുകൾ വന്നിരുന്നത്. ഈ നമ്പർ പ്രവർത്തനക്ഷമമായിരുന്നു. ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. ഇതിനിടെ പെൺകുട്ടികൾക്കൊപ്പം മുംബൈയിലെത്തിയ റഹീം അസ്ലം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
യാത്രയോടുള്ള താൽപര്യത്താൽ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നാണ് വിദ്യാർഥിനികൾ പറയുന്നതെന്നും എന്നാൽ എന്തിനാണ് പോയതെന്ന് വിശദമായി ചോദിച്ചറിയേണ്ടതുണ്ടെന്നും മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. വിദ്യാർഥിനികളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം പൂർത്തീകരിക്കാൻ സാധിച്ചതെന്നും എസ്.പി പറഞ്ഞു. മുംബൈ മലയാളി സമാജവും മുംബൈ കേരള മുസ്ലിം ജമാഅത്തും മാധ്യമങ്ങളും ഏറെ സഹായിച്ചു.