കോഴിക്കോട്: ലഹരിക്ക് അടിമയായ ഭർത്താവ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് അർദ്ധരാത്രി വീട് വിട്ടോടിയ യുവതിയെയും മകളെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കോഴിക്കോട് താമരശ്ശേരി അമ്പയത്തോട് സ്വദേശി നസ്ജയും മകളുമാണ് ഭർത്താവിന്റെ ക്രൂര മർദനത്തിന് ഇരയായത്. നജ്സയുടെ ഭർത്താവായ നൗഷാദ് ലഹരിക്ക് അടിമയാണെന്നും നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു.
ലഹരിക്കടിമായായി എത്തിയ നൗഷാദ് ഇന്നലെ രാത്രി വീടുനുള്ളിൽ വെച്ച് നസ്ജയെ മർദിക്കുകയായിരുന്നു. അക്രമം തടയാനായെത്തിയ എട്ടുവയസുകാരിയായ മകൾക്കും നൗഷാദിന്റെ അമ്മക്കും മർദനമേറ്റു. ഇരുവർക്കും പരുക്കേറ്റു. നസ്ജയുടെ തലക്കും ദേഹത്തുമാണ് മർദനമേറ്റത്. മർദിച്ചതിനുശേഷം നസ്ജയെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവളുമായി നൗഷാദ് വീടിന് ചുറ്റും ഓടിച്ചു.
തേനിച്ച കുത്തി ആശുപത്രിയിലായിരുന്ന മകളുമായി ചികിത്സ കഴിഞ്ഞു തിരികെയെത്തിയ സമയത്തായിരുന്നു നൗഷാദിന്റെ മർദനം. മാതാവിനെയും മർദിക്കുകയുണ്ടായ, അടിയേറ്റ് തളർന്ന് ഓടിയ നസ്ജയെ കണ്ട് നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.