താമരശ്ശേരി : താമരശ്ശേരിയിലെ കാരാടിയിൽ കോഴിക്കോട്ടുനിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓമ്നി വാൻ നിയന്ത്രണംവിട്ട് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി.
ബസിന്റെ വലതുവശത്ത് ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്ന മൂന്നംഗ കുടുംബത്തിനും കെ.എസ്.ആർ.ടി.സി. ബസ് യാത്രക്കാരായ നാലുപേർക്കുമാണ് പരിക്കുപറ്റിയത്.
ഇതിൽ വാൻ ഓടിച്ചയാളുടെ പരിക്ക് സാരമുള്ളതാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. വാൻയാത്രക്കാരായ വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഷാദ്, മക്കളായ മുഹമ്മദ് അജ്നാൻ, മുഹമ്മദ് സഫ് വാൻ, കെ.എസ്.ആർ.ടി.സി. യാത്രക്കാരായ ഈങ്ങാപ്പുഴ സ്വദേശി ഹരികൃഷ്ണ, താമരശ്ശേരി സ്വദേശിനി രസിത, മാവൂർ സ്വദേശി അബ്ദുൾ സലാം, അമ്പായത്തോട് സ്വദേശിനി സൗമിനി എന്നിവർക്കാണ് പരിക്കേറ്റത്. വാൻ ഓടിച്ച മുഹമ്മദ് നൗഷാദിനെ വാഹനത്തിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
