താമരശ്ശേരിയിൽ നിന്ന് 13 വയസുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അറസ്റ്റിൽ

news image
Mar 19, 2025, 5:52 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. യുവാവിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും. കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ഇന്നലെ പുലർച്ചെ ബെംഗളുരുവിൽ വെച്ചാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും ഇന്നലെ രാത്രി ഏഴോടെ താമരശ്ശേരിയിലെത്തിച്ചു. കര്‍ണാടക പൊലീസാണ് ഇവരെ കണ്ടെത്തി വിവരം കേരള പൊലീസിനെ അറിയിച്ചത്. അതേ സമയം പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

 

കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷക്കായി സ്കൂളില്‍ പോയ 13വയസുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുവായ യുവാവിനൊപ്പം തൃശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു.  ഇരുവരുടേയും തൃശൂരില്‍ നിന്നുള്ള  സിസിടിവി ദൃശ്യങ്ങളും കിട്ടി. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെയാണ്  ബെംഗളൂരുവില്‍ വെച്ച് കര്‍ണാടക പൊലീസ് കണ്ടെത്തിയത്.

വിവിരമറിഞ്ഞ് ബെംഗളൂരുവിലെത്തിയ അന്വേഷണ സംഘം ഇരുവരേയും രാത്രി ഏഴുമണിയോടെ താമരശ്ശേരിയിലെത്തിക്കുകയായിരുന്നു. അതേ സമയം പോക്സോ കേസില്‍ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം ഇരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുടുംബം പറ‌ഞ്ഞു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ഭീഷണിപ്പെടത്തിയിരുന്നതായും  പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.പെണ്‍കുട്ടിയെ ഇന്ന് ജെ ജെ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവാവിന്‍റെ അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe