കൊടുവള്ളി: താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശിയായ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് വെട്ടേറ്റു.
കിഴക്കോത്ത് താനിക്കൽ മുഹമ്മദ് സാലിക്കാണ് (41) തിങ്കളാഴ്ച രാത്രി ഒരു മണിയോടെ സാലിയുടെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് കിഴക്കോത്ത് കെട്ടിടത്തിൽവെച്ച് ഇന്നോവ കാറിലെത്തിയ അജ്ഞാത സംഘത്തിന്റെ വെട്ടേറ്റത്. കാറിലെത്തിയ എട്ടംഗ സംഘമാണ് വെട്ടിയതെന്നാണ് മുഹമ്മദ് സാലി പൊലീസിനോട് പറഞ്ഞത്.
കൈക്കും കാലിനുമെല്ലാം ആഴത്തിലുള്ള മുറിവുകളുണ്ട്. ബഹളം കേട്ട് എത്തിയ അന്തർസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമായ സാലി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
കാറിലെത്തിയ സംഘം വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മുഹമ്മദ് സാലിയുടെ പിതാവ് കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
താമരശ്ശേരി പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ കേസിലെ മുന്നാം പ്രതിയാണ് മുഹമ്മദ് സാലി. കൊയിലാണ്ടി പൊലീസിൽ ഒന്നും താമരശ്ശേരിയിൽ രണ്ടും സമാന കേസുകൾ മുഹമ്മദ് സാലിക്കുണ്ട്.