കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെ വെട്ടിക്കൊല്ലുകയും ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ഈങ്ങാപ്പുഴ സ്വദേശി യാസിറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പാർക്കിങ് ഏരിയയിൽ നിന്ന് പിടികൂടിയത്.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട യാസിർ കാറിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. പൊലീസ് പ്രചരിപ്പിച്ച കാറിന്‍റെ നമ്പർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ടാണ് ഈങ്ങാപ്പുഴ സ്വദേശി യാസിർ ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. കൂടാതെ, ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
അബ്ദുറഹ്മാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യാസിര്‍ ലഹരിക്ക് അടിമയാണെന്നും കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നും പറയുന്നു. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.