താമരശ്ശേരി: പാമ്പുകടിയേറ്റതിനെ തുടർന്ന്, തന്നെ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തിച്ച് യുവാവ്. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫ് (45) ആണ് കൃത്യസമയത്ത് പാമ്പിനെ പിടികൂടി ചികിത്സ തേടിയെത്തിയത്.
വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. വീടിനു സമീപമുള്ള മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോ മരത്തിൽ ചവിട്ടി നിൽക്കുകയായിരുന്നു അഷറഫ്. ഇതിനിടെയാണ് പാമ്പുകടിയേറ്റത്. പരിഭ്രാന്തനാകാതെ അഷറഫ് ഉടൻ തന്നെ തന്നെ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
