താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്‍ക്കുന്നു, പ്രതികരിച്ച് കെ രാജന്‍

news image
Aug 29, 2025, 5:31 am GMT+0000 payyolionline.in

വയനാട്: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ പ്രതികരിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടക സാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്ന് മന്ത്രി പ്രതികരിച്ചു. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നു നില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രദേശത്ത് റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പുവരുത്തും. ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കും. ആംബുലന്‍സ് സര്‍വീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe