പയ്യോളി: തിക്കോടിയിലെ സ്ഥിരം അപകടമേഖലയായ കുഴിയില്‍ കാറ് മറിഞ്ഞു. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് അപകടം. ആളപായമുണ്ടായില്ലെന്നാണ് വിവരം. തിക്കോടി കല്ലകത്ത് ബീച്ച് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറ് വടകര ഭാഗത്തേക്ക് പോവാനായി തിരിക്കുന്നതിനിടെ മുന്‍വശം കുഴിയില്‍ വീഴുകയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് എഫ് സിഐ ഗോഡൌണില്‍ നിന്ന് അരിയുമായി വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഈ കുഴിയില്‍ വീണിരുന്നു. ആളപായമുണ്ടായില്ലെങ്കിലും സംഭവത്തെ തുടര്‍ന്നു മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി രൂപം കൊണ്ട കുഴിയാണിത്. ഡ്രൈനേജ് മുതല്‍ ഒന്നര മീറ്റര്‍ കൂടി ദേശീയപാതയുടെ ഭാഗമാണ്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നിര്മ്മാണകമ്പനിയാണെന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ ഇവിടെ ഒരു മുന്നറിയിപ്പ് ബോര്‍ഡോ എന്തെങ്കിലും ട്രാഫിക്ക് ബാരിക്കേഡുകളോ സ്ഥാപിച്ചില്ലെങ്കില്‍ മനുഷ്യജീവന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

തിക്കോടി പഞ്ചായത്ത് ബസ്സ്റ്റോപ്പിന് സമീപത്തെ കുഴിയില്‍ കാറ് മറിഞ്ഞ നിലയില്‍