തിക്കോടി :സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറേയും ഹെല്‍പ്പറായ സ്ത്രീയേയും മര്‍ദ്ദിച്ചെന്ന് പരാതി. കാറിലെത്തിയ രണ്ടുപേരാണ് തിക്കോടിയില്‍ സ്കൂള്‍ ബസ് ഡ്രൈവറെയും ക്ലീനറായ യുവതിയേയും മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് പുറക്കാട് സ്വദേശിയായ ഡ്രൈവര്‍ വിജയനും അദ്ദേഹത്തിന്റെ ഭാര്യയും ബസിലെ ക്ലീനറുമായ ഉഷയ്ക്കുമാണ് മര്‍ദ്ദനമേറ്റത്.
ഇന്ന് രാവിലെ എട്ടരയോടെ ദേശീയപാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവം. കുട്ടികളെ സ്കൂളിലേക്ക് പോകുന്നതിനിടയിലാണ് കാറിലെത്തിയ രണ്ടംഗ സംഘം ഇവരെ അക്രമിച്ചതായി പറയുന്നു. സംഭവത്തിന് കുറച്ചുസമയം മുമ്പ് സ്കൂള്‍ ബസിന് മുമ്പിലായി ഈ കാര്‍ കടന്നുപോയിരുന്നെന്നും, ഹോണടിച്ചെങ്കിലും സൈഡ് തരാന്‍ കാര്‍ ഡ്രൈവര്‍ തയ്യാറായില്ലെന്ന് ബസ് ഡ്രൈവര്‍ വിജയന് പറഞ്ഞു.
തുടര്‍ന്ന് ബസ് കാറിനെ മറികടക്കുകയും ചെയ്തതായും പിന്നീട് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയ സമയത്ത് അപ്രതീക്ഷിതമായി കാര്‍ ബസിന് മുന്നില്‍ നിര്‍ത്തി കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പുറത്തിറങ്ങി തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നും വിജയന് പറഞ്ഞു. വിജയന്റെ മുഖത്തും മറ്റുമാണ് അടിയേറ്റത്. അടിക്കിടെ ഇയാളുടെ കണ്ണട തെറിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. വിജയന്റെ കണ്ണിന് പരിക്കുണ്ട്. വിജയനും ഭാര്യയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണിന് പരുക്കേറ്റ വിജയനോട് നേത്രരോഗ വിദഗ്ധനെ കാണാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ഡ്രൈവറെ അടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച തന്നെയും ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഉഷ പറഞ്ഞു. വിദ്യാര്‍ഥികളും യാത്രക്കാരുമെല്ലാം നോക്കിനില്‍ക്കെയായിരുന്നു ഇവരുടെ അതിക്രമമെന്നും ഉഷ പറഞ്ഞു. പുറക്കാട് ഓട്ടോ ഡ്രൈവര്‍ കൂടിയായ വിജയനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പുറക്കാട്ടെ ഓട്ടോ തൊഴിലാളികള്‍ ഇന്ന് പണിമുടക്കുകയാണ്.