ദില്ലി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വിവാദം കത്തുന്നു. തിരിച്ചറിയലിനായി ജനന സർട്ടിഫിക്കേറ്റ് മാത്രം ആധാരമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയാണ് വിവാദത്തിന് കാരണമായത്. ഈ നീക്കം അപ്രായോഗികമാണെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ പട്ടിക പരിഷ്കരണ നടപടിയിലൂടെ 3 കോടി പേർക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നും പ്രതിപക്ഷ പാർട്ടികൾ വിവരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ സഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്കയറിയിച്ചെങ്കിലും നടപടി തുടരുമെന്ന മറുപടിയാണ് കിട്ടിയതെന്നും ഇന്ത്യ സഖ്യം നേതാക്കൾ വ്യക്തമാക്കി.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ വലിയ വർദ്ധനവ് മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ ലഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുക ജൂലൈ മാസം മുതൽ വിതരണം ചെയ്യുമെന്ന് നിതീഷ് കുമാർ എക്സിൽ കുറിച്ചിരുന്നു. ഈ തീരുമാനം സംസ്ഥാനത്തുടനീളമുള്ള ഒരു കോടിയലധികം ഗുണഭോക്താക്കൾക്ക് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.”സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം വിധവകൾക്കും, വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെൻഷൻ ലഭിക്കുമെന്ന വിവരം നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ജൂലൈ മാസം മുതൽ എല്ലാ ഗുണഭോക്താക്കൾക്കും വർദ്ധിച്ച നിരക്കിൽ പെൻഷൻ ലഭിക്കും. എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്ക് എല്ലാ മാസവും 10-ാം തീയതി ഈ തുക അയക്കുന്നത് ഉറപ്പാക്കും” നിതീഷ് കുമാർ എക്സിലെ പോസ്റ്റിൽ പറഞ്ഞു.