തിരുപ്പിറവിയുടെ ഓര്‍മകള്‍ ഉണര്‍ത്തി ഇന്ന് ക്രിസ്മസ് ; പ്രിയ വായനക്കാര്‍ക്ക് പയ്യോളി ഓണ്‍ലൈനിന്‍റെ ക്രിസ്മസ് ആശംസകള്‍

news image
Dec 25, 2025, 6:27 am GMT+0000 payyolionline.in

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാ​ഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാനയും പ്രാർഥനകളും നടന്നു. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളാലും ക്രിസ്മസ് ട്രീകളാലും അലംകൃതമാണ്.ക്രിസ്മസ് ആഘോഷവേളയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ക്രിസ്മസ് ആശംസ പങ്കുവെച്ചു. ഐശ്വര്യവും സമാധാനവും നിറഞ്ഞ നാളേക്കായി ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്രിസ്മസ് – പുതുവത്സരാശംസ
സ്‌നേഹത്തിൻ്റെയും പ്രത്യാശയുടെയും തിളക്കമാർന്ന സന്ദേശങ്ങളുമായി വീണ്ടുമൊരു ക്രിസ്മസ് എത്തിയിരിക്കുന്നു. പരസ്പരസ്‌നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച്, ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിൻ്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്. ചൂഷണത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും എല്ലാ രൂപങ്ങളിൽ നിന്നും മുക്തമായ, സമത്വസുന്ദരമായ ഒരു ലോകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്.

മനുഷ്യരെ ഭിന്നിപ്പിക്കാനും, അപരവിദ്വേഷം പ്രചരിപ്പിച്ച് തമ്മിലടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ ക്രിസ്തു മുന്നോട്ടുവച്ച പുരോഗമന ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. അവ ഉൾക്കൊണ്ട് ഐക്യത്തിന്റെയും സൗഹൃദത്തിൻ്റെയും വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം. പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതിയ വാതിലുകൾ തുറന്നുകൊണ്ടാണ് ഓരോ പുതുവർഷവും കടന്നുവരുന്നത്. സാമൂഹ്യനീതി, സമത്വം, പുരോഗതി എന്നിവയിൽ അധിഷ്ഠിതമായ നവകേരളസൃഷ്ടിക്ക് ഈ പുതുവർഷം ഊർജ്ജം പകരും. ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല നാളേക്കുവേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാം.

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
രണ്ടായിരത്തില്‍ അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവം മനുഷ്യരാശിക്ക് നല്‍കിയ സമ്മാനമാണ് യേശു ക്രിസ്തു. ഉണ്ണിയേശുവിൻ്റെ തിരുപിറവിയെ ഓര്‍മ്മിപ്പിക്കുന്നതാണ് ക്രിസ്മസ് ആഘോഷം . അതുകൊണ്ടാണ് ദൈവത്തിൻ്റെ ആ സമ്മാനത്തെ ഓര്‍ത്തുകൊണ്ട് നമ്മള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറി സ്‌നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും പാരസ്പര്യത്തിൻ്റെയും ക്രിസ്മസ് ആഘോഷിക്കുന്നത്. എല്ലാവരും സമാധാനത്തോടെ ജീവിക്കുക എന്നതാണ് ക്രിസ്മസ് സന്ദേശം. അചഞ്ചലമായ ദൈവവിശ്വാസത്തിൻ്റെ അടിത്തറയില്‍ ജീവിതത്തെ കെട്ടിപ്പടുക്കാമെന്ന ആത്മവിശ്വസമാണ് ഓരോരുത്തരുടെയും ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe