തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച വേണു. അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. രോഗിയുടെ നില ആദ്യം തൃപ്തികരമായിരുന്നു. പെട്ടെന്നാണ് നില വഷളായത്. ഇന്നലെയാണ് രോഗിക്ക് ഹാർട്ട് ഫെയ്ലർ ഉണ്ടായത്. സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു.
