റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭ അംഗീകാരം; കെഎസ്ഇബിക്ക് ആശ്വാസം

news image
Oct 4, 2023, 7:05 am GMT+0000 payyolionline.in

തിരുവനന്തപുരം:റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭായോഗം സാധൂകരണം നൽകി. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കെഎസ്ഇബിക്ക് ആശ്വാസമാണ് സർക്കാർ തീരുമാനം.

 

കേന്ദ്ര വൈദ്യുതി നിയമത്തിലെ 108–ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സർക്കാരിന് കരാറുകൾ പുനരുജ്ജീവിപ്പിക്കാൻ കഴിയും. ഇതനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. കരാറുകൾ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റഗുലേറ്ററി കമ്മിഷൻ കരാറുകൾ റദ്ദാക്കിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചിരുന്നു.

 

 

ദീർഘകാല കരാറിലൂടെ 3 കമ്പനികളിൽനിന്നാണ് യൂണിറ്റിന് 4.26 രൂപയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി കേരളം 7 വർഷമായി വാങ്ങിയിരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കരാറിലേർപ്പെട്ടത്. കരാറിലൂടെ 17 വർഷത്തേക്ക് 4.29 രൂപയ്ക്കും (350 മെഗാവാട്ട്) 4.15 രൂപയ്ക്കും (115 മെഗാവാട്ട്) വൈദ്യുതി ലഭിക്കുമായിരുന്നു. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയത്. ഇതോടെ, കരാറിലേർപ്പെട്ടിരുന്ന കമ്പനികൾ വൈദ്യുതി നൽകാൻ വിസമ്മതിച്ചു.

 

ജാബുവ പവർ ലിമിറ്റഡ്, ജിൻഡാൽ പവര്‍ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ കമ്പനികളാണ് 4.26രൂപയ്ക്ക് വൈദ്യുതി നൽകാൻ കെഎസ്ഇബിയുമായി കരാറിൽ ഏർപ്പെട്ടിരുന്നത്. റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയതോടെ കെഎസ്ഇബി വിവിധ ടെണ്ടറുകൾ വിളിച്ചെങ്കിലും യൂണിറ്റിന് 7.30 രൂപയ്ക്ക് മുകളിലാണ് കമ്പനികൾ ആവശ്യപ്പെട്ടത്. ഇതോടെയാണ് വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe