പത്തനംതിട്ട ∙ തിരുവനന്തപുരം – ഷൊർണൂർ റെയിൽപാതയിൽ വേഗം കൂട്ടാനുള്ള നടപടികൾക്കു തിരുവനന്തപുരം ഡിവിഷൻ തുടക്കമിട്ടു. തിരുവനന്തപുരം മുതൽ എറണാകുളം വരെ കോട്ടയം വഴിയും ആലപ്പുഴ വഴിയും വേഗം 110 കിലോമീറ്ററായി ഉയർത്താനാണു ശ്രമം. എറണാകുളം മുതൽ ഷൊർണൂർ വരെ സാധ്യമായ സ്ഥലങ്ങളിൽ 110 കിലോമീറ്റർ, മറ്റിടങ്ങളിൽ 90 കിലോമീറ്റർ എന്നിങ്ങനെ വേഗം കൂട്ടും.
ഭൂമിയേറ്റെടുക്കാതെ പണി തുടങ്ങാനാകുന്ന 86 ചെറിയ വളവുകളാണ് ആദ്യം നിവർത്തുക. തിരുവനന്തപുരം – കായംകുളം ഭാഗത്ത് ഇത്തരം 22 വളവുകളാണുള്ളത്. കായംകുളം – എറണാകുളം (കോട്ടയം വഴി – 22), കായംകുളം – എറണാകുളം (ആലപ്പുഴ വഴി – 10), എറണാകുളം – ഷൊർണൂർ (32). ഒരു വർഷത്തിനുള്ളിൽ ജോലി പൂർത്തിയാക്കും. മെഷീൻ ഉപയോഗിച്ചു ട്രാക്കിന്റെ അലൈൻമെന്റ് കൃത്യമാക്കുന്നതിനും ഡിവിഷനിലെ എൻജിനീയറിങ് വിഭാഗം കരാർ ക്ഷണിച്ചിട്ടുണ്ട്.
തിരുവനന്തപുരം – ഷൊർണൂർ പാതയിലെ വേഗം 110 കിലോമീറ്ററാക്കാനുള്ള നടപടികൾക്കായി 381 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. സ്വകാര്യഭൂമി ഏറ്റെടുത്തു നിവർത്തേണ്ട വലിയ വളവുകളുടെ പണികൾ പിന്നീടു നടത്തും.
110 കിലോമീറ്റർ വേഗം സാധ്യമായ മംഗളൂരു – ഷൊർണൂർ പാതയിലെ ചെറിയ വളവുകൾ നിവർത്താനുള്ള കരാർ പാലക്കാട് ഡിവിഷൻ നേരത്തേ ക്ഷണിച്ചിരുന്നു. 288 വളവുകൾ നിവർത്തി വേഗം 130 കിലോമീറ്ററായി ഉയർത്താനാണു ശ്രമം. കേരളത്തിലെ ട്രാക്കുകളിലെ വേഗം ആദ്യം 110 കിലോമീറ്ററും പിന്നീട് 130 കിലോമീറ്ററുമാക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. അഞ്ചര മണിക്കൂറിൽ തിരുവനന്തപുരം – കാസർകോട് യാത്ര സാധ്യമാക്കുകയാണു ലക്ഷ്യം.