വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്താൻ ആണ് ബാർ കൗൺസിൽ തീരുമാനം. പ്രതിയായ അഭിഭാഷകനോട് വിശദീകരണം ചോദിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ബാർ കൗൺസിൽ പറഞ്ഞു. ഇന്നലെ ഇദ്ദേഹത്തെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു.
ക്രൂര മർദനത്തിന് കാരണം സഹപ്രവർത്തകയുമായുള്ള വാക്ക് തർക്കമെന്നാണ് പോലീസ് പറയുന്നത്. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച സഹപ്രവർത്തകയെ പറഞ്ഞു വിലക്കണമെന്ന് ശ്യാമിലി സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിന് തയ്യാറാകാതിരുന്ന ബെയ്ലിൻ്റെ മുന്നിൽവച്ച് സഹപ്രവർത്തകയെ ശ്യാമിലി പറഞ്ഞു വിലക്കിയതാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് എഫ്ഐആറിൽ ഉള്ളത്. സംഭവത്തിൽ ബെയ്ലിൻ ദാസിനെ ഉടനെ പിടികൂടാനാണ് പോലീസ് നീക്കം. ഭാരതീയ ന്യായ സംഹിത 126(2), 74, 115(2) വകുപ്പുകൾ ചേർത്താണ് ബെയ്ലിൻ ദാസിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിട്ടുള്ളത്.