തിരുവനന്തപുരം: തിരുവല്ലം പനത്തുറ പൊഴിക്കരയില്‍ കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാച്ചല്ലൂര്‍ കൊല്ലം തറ കാവിന് പുറത്ത് കാര്‍ത്തികയില്‍ അനില്‍കുമാറിന്റെയും ലേഖയുടെയും മകന് വിഷ്ണു എന്ന് വിളിക്കുന്ന അംജിത്തി (15)ന്റെ മൃതദേഹം ആണ് കടലില്‍ കണ്ടെത്തിയത്. വിഴിഞ്ഞത്ത് വാര്‍ഫില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം 3.30 ഓടെ സുഹൃത്തുക്കളായ അഞ്ചംഗ സംഘം കുളിക്കാനായി പനത്തുറ പൊഴിക്കരയില്‍ എത്തിയത്. കടലില്‍ കുളിക്കുന്നതിനിടയില്‍ അഞ്ചു പേരും ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഇതില്‍ മൂന്നുപേര്‍ നീന്തി മറുകര എത്തി. മറ്റൊരാള്‍ തലനാരിഴക്ക് രക്ഷപ്പെട്ട് കരയ്ക്ക് കയറിയെങ്കിലും അംജിത്തിനെ അടി ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. പട്ടം സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അംജിത്ത്. വിവരം അറിഞ്ഞ് നാട്ടുകാരും വിഴിഞ്ഞം കോസ്റ്റല്‍ പൊലീസും പൂന്തറ പൊലീസുമാണ് തിരച്ചില്‍ നടത്തിയത്.