തിരുവനന്തപുരം: പോത്തൻകോട് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. കഞ്ചാവ് വിൽപ്പന പോലീസിൽ വിവരം അറിയിച്ച യുവാക്കളെയാണ് ആക്രമിച്ചത്. കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം. സഹോദരങ്ങളായ രതീഷിനും രജനീഷിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. എട്ടോളം പേരടങ്ങുന്ന സംഘമാണ് സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉള്ളതായി പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരിമാഫിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇവിടെ നിന്ന് ഓടി പോത്തൻകോട് പൊലീസ് സ്റ്റേഷനിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിനോട് വിവരം പറഞ്ഞു. നടപടിയെടുക്കുമെന്ന് പൊലീസ് മറുപടി നൽകുകയും ചെയ്തിരുന്നു. പിന്നീട് ഫാമിലേക്ക് എത്തിയപ്പോഴാണ് രജനീഷിനെയും രതീഷിനെയും ലഹരി മാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്.
വടിവാൾ പോലത്തെ ആയുധം ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി പരുക്കേറ്റത്. തലയിൽ ഇരുപതോളം സ്റ്റിച്ച് ഉണ്ട്. കൈയിൽ പൊട്ടലും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ലഹരി മാഫിയ സംഘം അവിടേക്കെത്തി ഇവരെ പരിഹസിച്ചെന്നും ഇവർ പറയുന്നു.