തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റൽ മുറിക്കുള്ളിൽ അതിക്രമിച്ച് കയറി 25കാരിയെ ബലാത്സംഗത്തിനിരയാക്കി. ഐ.ടി ജീവനക്കാരിയായ യുവതിയാണ് അക്രമത്തിനിരയായത്. ഇന്നലെ രാത്രി യുവതി ഉറങ്ങിക്കിടക്കവെയായിരുന്നു സംഭവം.
രണ്ടുനില കെട്ടിടത്തിലായിരുന്നു ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നത്. റൂം മേറ്റ്സ് നൈറ്റ് ഡ്യൂട്ടി കാരണം ഓഫീസിലായതിനാൽ യുവതി മാത്രമാണ് മുറിയിലുണ്ടായിരുന്നത്. പക്ഷേ, സമീപത്തെ മുറികളിലെല്ലാം ആളുകൾ ഉണ്ടായിരുന്നു.
ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായിട്ടില്ല. ഇയാളെ തിരിച്ചറിയാനും സാധിച്ചിട്ടില്ലെന്നാണ് വിവരം. തനിക്ക് അറിയുന്ന വ്യക്തി അല്ല എന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി.
സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഹോസ്റ്റൽ കെട്ടിടത്തിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുന്നുണ്ട്.