തിരൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

news image
Oct 25, 2023, 12:32 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂർ കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. രണ്ടാം പ്രതി അൻഷാദ്, മൂന്നാം പ്രതി അജ്‍രിഫ്, നാലാം പ്രതി ആലിക്കുട്ടി എന്നിവരാണ് അറസ്റ്റിലായത്.  ഒന്നാം പ്രതി ആഷിഖ് നേരത്തെ അറസ്റ്റിലായിരുന്നു. ആഷിക്കിന്റെ രണ്ട് സഹോദരങ്ങളും പിതാവുമാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കാട്ടിലപ്പള്ളി സ്വദേശി സ്വാലിഹിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വാലിഹിനെ അക്രമിച്ച് കൊലപ്പെടുത്തിയത് കാട്ടിലപ്പള്ളി സ്വദേശി മുഹമ്മ് ആഷിഖിന്‍റെ നേതൃത്വത്തിലാണെന്ന് പോലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു.  തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വാലിഹും സുഹൃത്തുക്കളും ലഹരി ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തന്നോട് ശത്രുത ഉണ്ടായിരുന്നതായാണ് ആഷിഖ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിനു പിന്നാലെ സ്വാലിഹും സുഹൃത്തുക്കളും ആഷിഖിനെ തടഞ്ഞു വെച്ച് മര്‍ദിച്ചു.

ഈ വിവരം ആഷിഖ് വീട്ടിലെത്തി പിതാവിനോടും സഹോദരങ്ങളോടും പറഞ്ഞു. ഇതിന് പകരം ചോദിക്കാനാണ് ആഷിഖും പിതാവും രണ്ടു സഹോദരന്‍മാരും ചേര്ന്ന് സ്വാലിഹിനേയും സുഹൃത്തുക്കളേയും കാര്‍ തടഞ്ഞ് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സ്വാലിഹ് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തുള്ള വീടിന് സമീപം തളര്‍ന്നു വീഴുകയായിരുന്നു. സ്വാലിഹ് രക്ഷപ്പെട്ടെന്ന് കരുതി ആഷിഖും സംഘവും സ്ഥലം വിടുകയായിരുന്നു.

രാവിലെ വീട്ടുകാരാണ് സ്വാലിഹിന്‍റെ മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റ സ്വാലിഹിന്‍റെ രണ്ടു സുഹൃത്തുക്കളെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടയിലും നെഞ്ചിലുമേറ്റ മുറിവില്‍ നിന്നും ചോര വാര്‍ന്നാണ് സ്വാലിഹ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe