ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി സ്റ്റേറ്റ് എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ചു. സമിതി ചെയർമാൻ ഡോ. അനിൽകുമാർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധ സംഘമാണ് കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലും വയനാട് ജില്ലയിലെ മേപ്പാടിയിലും സന്ദർശനം നടത്തിയത്. സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസൈസ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ രണ്ട് ദിവസങ്ങളിലായാണ് ഈ പരിശോധന നടന്നത്.
ലോകോത്തര നിലവാരമുള്ള ‘ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ്’ (NATM) ഉപയോഗിച്ചാണ് ഈ തുരങ്കപാത നിർമിക്കുന്നത്. തുരങ്കത്തിന് ചുറ്റുമുള്ള പാറക്കൂട്ടങ്ങളുടെ സ്വാഭാവിക കരുത്തിനെത്തന്നെ പ്രാഥമിക പിന്തുണയായി ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ 1957-65 കാലഘട്ടത്തിൽ ഓസ്ട്രിയയിലാണ് വികസിപ്പിച്ചെടുത്തത്. നിർമാണ പ്രവർത്തനങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തുകയും പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള മുൻകരുതൽ നിർദേശങ്ങൾ നൽകുകയും ചെയ്തു.
മറിപ്പുഴ ഭാഗത്തുനിന്നും മേപ്പാടി ഭാഗത്തുനിന്നും ഒരേസമയം തുരങ്കം നിർമിച്ചു തുടങ്ങിയിട്ടുണ്ട്. ഇരുവശത്തുനിന്നും ഒരേസമയം തുരന്നുനീങ്ങുന്ന ഈ പദ്ധതി നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് നോഡൽ ഓഫീസറും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറുമായ വി.കെ. ഹാഷിം വ്യക്തമാക്കി. 2134.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ മേൽനോട്ടം കേരള പൊതുമരാമത്ത് വകുപ്പിനും നിർമാണച്ചുമതല കൊങ്കൺ റെയിൽവേ കോർപ്പറേഷനുമാണ്. മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ നാലുവരി ആർച്ച് സ്റ്റീൽ പാലത്തിന്റെ നിർമാണവും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.
