തിരുവനന്തപുരം: അദാനി പോർട്സിന് കീഴിലുള്ള വിഴിഞ്ഞം ഒഴികെ സംസ്ഥാനത്തെ തുറമുഖങ്ങളിലെ (നോൺ മേജർ തുറമുഖങ്ങൾ) വിവിധ ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ ശിപാർശ. ഫീസ് വർധനയുടെ കരട് പരിശോധനക്കും അംഗീകാരത്തിനുമായി സർക്കാറിന് സമർപ്പിക്കും. 2013 മുതൽ നിരക്കുകളിൽ സമഗ്രമായ പരിഷ്കരണം നടത്തിയിട്ടില്ല.
2019 മാർച്ച് എട്ടിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിശ്ചയിച്ചതാണ് നിലവിലെ നിരക്കുകൾ. ഇത് മുമ്പുണ്ടായിരുന്നതിനേക്കാൾ അഞ്ച് ശതമാന വർധനവിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്. മറ്റ് തുറമുഖങ്ങളിലെ മാർക്കറ്റ് നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ തുറമുഖങ്ങളിലെ സേവന നിരക്കുകൾ വളരെ കുറവാണെന്ന് മാരിടൈം ബോർഡ് ചൂണ്ടിക്കാട്ടുന്നു. കണ്ടെയ്നറുകളുടെ ഹാൻഡ്ലിങ് നിരക്കുകൾ, ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ വാടക, സ്റ്റോറേജ് ചാർജുകൾ, വേബ്രിഡ്ഡ് ചാർജുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നിരക്കുകൾ നിലവിലുള്ളതിൽ നിന്ന് ഇരട്ടിയിലധികം വർധിപ്പിക്കാനാണ് ശിപാർശ.
ഇലക്ട്രിക് ക്രെയിൻവാടക (മൂന്ന് ടൺ) മണിക്കൂറിന് 350 രൂപയായിരുന്നത് 970 ആയി ഉയരും. അഞ്ച് ടണ്ണിന്റേത് 555 രൂപയിൽനിന്ന് 970 ആയി വർധിക്കും. 20അടിവരെയുള്ള കണ്ടെയ്നർ ചാർജ് (കോസ്റ്റൽ) 630ൽ നിന്ന് 2000 രൂപയയായും വിദേശ കപ്പലുകളുടേത് 2000ൽ നിന്ന് 4000 ആയും ഉയരും. വാഹനങ്ങളുടെ പ്രവേശന ഫീസും വർധിക്കും. ലോറിയുടേത് 50ൽ നിന്ന് 100 രൂപയായും മിനി ലോറിയുടേത് 45ൽ നിന്നും 70 ആയും കൂടും. വേബ്രിഡ്ജ് നിരക്ക് ആറു ചക്രമുള്ള വാഹനങ്ങളുടേത് 90ൽ നിന്ന് 250 ആയി വർധിക്കും.