കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ നിലവിലെ എംപി സുരേഷ് ഗോപി മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. എഐവൈഎഫ് നേതാവ് എ എസ് ബിനോയ് നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് നിർദേശം നൽകിയത്.
വോട്ടെടുപ്പ് ദിനത്തിൽ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കൽ, ശ്രീരാമഭഗവാന്റെ പേരിൽ വോട്ട് ചെയ്യണമെന്ന ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ അഭ്യർഥന, സുഹൃത്തുവഴി സുരേഷ് ഗോപി വോട്ടർമാർക്ക് പെൻഷൻ വാഗ്ദാനം ചെയ്യൽ, എംപി പെൻഷൻ ഉപയോഗിച്ച് മറ്റുള്ളവർക്ക് പെൻഷൻ നൽകൽ, വോട്ടറുടെ മകൾക്ക് മൊബൈൽ ഫോൺ നൽകൽ എന്നീ ക്രമക്കേടുകളാണ് ഹർജിയിൽ ഉന്നയിച്ചത്.