തൃശൂരിൽ ഇന്ന്‌ പുലികളിറങ്ങും ; സ്വരാജ്‌ റൗണ്ടിൽ പതിനായിരങ്ങളെത്തും

news image
Sep 18, 2024, 3:30 am GMT+0000 payyolionline.in

തൃശൂർ: ഓണാഘോഷത്തിന്‌ സമാപനമായി നാലോണ നാളിൽ തൃശൂരിൽ ബുധനാഴ്‌ച പുലികളി. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങൾ പുലികളി കാണാൻ സ്വരാജ്‌ റൗണ്ടിൽ  വട്ടമിടും. തൃശൂർ പൂരം കഴിഞ്ഞാൽ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആഘോഷം തൃശൂരിൽ മറ്റൊന്നില്ല. വിവിധ ദേശങ്ങളിൽനിന്ന്‌ പുറപ്പെടുന്ന പുലികൾക്കൊപ്പം ജനാരവവും സഞ്ചരിക്കും. ഏഴ്‌ ദേശങ്ങളിൽ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികൾ പട്ടണം കൈയടക്കും. വൈകിട്ട്‌ അഞ്ചിന്‌ സ്വരാജ് റൗണ്ടിൽ നായ്ക്കനാൽ ജങ്‌ഷനിൽ പാട്ടുരായ്‌ക്കൽ ദേശം സംഘത്തിന്റെ വരവോടെ പുലികളിക്ക്‌ തുടക്കമാകും.

 

 

യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം പുലിക്കളി സംഘം, സീതാറാം മിൽ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീ സംഘങ്ങൾ പിന്നാലെയെത്തും. ഒരു പുലികളി സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. ഒരു നിശ്ചല ദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും. പുലികളി രാത്രി പത്തുവരെ നീളും. പുലികളുടെ വരവറിയിച്ച്‌ ചൊവ്വാഴ്‌ച പുലിക്കൊട്ടും പുലിവാൽ എഴുന്നള്ളിപ്പും നടന്നു.  പങ്കെടുക്കുന്ന ഓരോ സംഘത്തിനും കോർപറേഷൻ 3,12,500 രൂപ വീതം സഹായം നൽകും.

തൃശൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന പുലികളി നടത്തിപ്പിനായി സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോവിന്റെ മേൽനോട്ടത്തിൽ നാല്‌ എസിപിമാരുടെ നേതൃത്വത്തിൽ അഞ്ച്‌ മേഖലകളായി തിരിച്ച്‌ 523 പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്‌. പൊതുജനങ്ങൾക്കായി സൗജന്യ കുടിവെള്ള വിതരണവും മെഡിക്കൽ സഹായവും ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്. വയനാട്‌ ദുരന്ത പാശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഓണാഘോഷം ഒഴിവാക്കിയെങ്കിലും തൃശൂർ കോർപറേഷന്റെ അഭ്യർഥനപ്രകാരം പ്രത്യേക അനുമതി നൽകുകയായിരുന്നു. കോർപറേഷന്റെ തനത്‌ ഫണ്ടിൽനിന്ന്‌ തുക ചെലവഴിക്കാനുള്ള അനുമതിയും നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe