തൃശൂരിൽ കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

news image
Oct 21, 2023, 6:55 am GMT+0000 payyolionline.in

തൃശൂർ: തൃശൂരിൽ കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ​ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് വരവൂർ സ്വദേശി രമേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സഹോദരൻ രാ​ഗേഷിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് കുന്നംകുളം വെള്ളറക്കാട് മനപ്പടിയിൽ വെച്ച് അപകടം ഉണ്ടായത്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. രമേഷ് അപകട നില തരണം ചെയ്തതായി ഡോക്ടേഴ്സ് അറിയിച്ചു.

പതിനേഴാം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാനാണ് ഇരുവരും ബൈക്കിൽ പോയത്. രമേഷ് തന്നെയായിരുന്നു ബൈക്ക് ഓടിച്ചു കൊണ്ടിരുന്നത്. കെഎസ്ഇബിയുടെ ഇലക്ട്രിക്കൽ പോസ്റ്റിൽ നിന്ന് അടുത്തുള്ള വീട്ടിലേക്ക് കണക്ഷൻ വലിക്കുന്നതിനുള്ള കേബിളിന്റെ കമ്പിയാണ് പൊട്ടി വീണു കിടന്നിരുന്നത്. രമേഷിന്റെ കഴുത്തിൽ ഈ കമ്പി കുരുങ്ങുകയായിരുന്നു. ​ഗുരുതരമായ പരിക്കാണ് യുവാവിന് സംഭവിച്ചത്.

 

ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം അപകട നില തരണം ചെയ്തു എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അനാസ്ഥ കാണിച്ച അധികൃതർക്കെതിരെ നടപടി വേണം എന്നാണ് കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe